ഉല്‍പ്പന്നങ്ങളുടെ വില പ്രത്യേകമായി പ്രദര്‍ശിപ്പിക്കുന്നതില്‍ രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ ടെസ്‌കോ വീഴ്ച വരുത്തിയതായി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (CCPC) കണ്ടെത്തല്‍. ടെസ്‌കോയുടെ ക്ലബ്ബ് കാര്‍ഡ് കൈവശമുള്ളവര്‍ക്കുള്ള ഓഫര്‍ വില രേഖപ്പെടുത്തിയ ലേബലുകളില്‍ യൂണിറ്റ് പ്രൈസ് കാണിച്ചില്ലെന്നാണ് CCPC കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി ഉപഭോക്തൃസംരക്ഷണ നിയമം കമ്പനി തെറ്റിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
തുടര്‍ന്ന് അന്വേഷണവുമായി ബന്ധപ്പെട്ട നിയമപരമായ ചെലവുകള്‍ വഹിക്കാനും, ലിറ്റില്‍ ഫ്‌ളവര്‍ പെന്നി ഡൈനേഴ്‌സ് ചാരിറ്റിക്ക് 1,000 യൂറോ സംഭാവന നല്‍കാനും സൂപ്പര്‍മാര്‍ക്കറ്റിനോട് ജഡ്ജ് ആന്തണി ഹാല്‍പിന്‍ ഉത്തരവിട്ടു.
ഷോപ്പിങ് നടത്തുമ്പോള്‍ ഏത് ഉല്‍പ്പന്നമാണ് ലാഭത്തില്‍ ലഭിക്കുകയെന്ന് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കണമെന്നും, അത് എളുപ്പത്തില്‍ അറിയാന്‍ യൂണിറ്റ് പ്രൈസിങ് പ്രദര്‍ശിപ്പിക്കുന്നത് സഹായിക്കുമെന്നും CCPC പ്രസ്താവനയില്‍ വ്യക്തമാക്കി. സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇത് പ്രദര്‍ശിപ്പിക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണ്.
ഉല്‍പ്പന്നത്തിന്റെ ഒരു കിലോ, ലിറ്റര്‍, മീറ്റര്‍ എന്നിവയ്ക്കുള്ള വില പ്രദര്‍ശിപ്പിക്കുന്നത് സമാന ഉല്‍പ്പന്നം വില്‍ക്കുന്ന വിവിധ കമ്പനികളുടെ വിലയുമായി അതിനെ താരതമ്യം ചെയ്യാന്‍ ഉപഭോക്കളെ സഹായിക്കുമെന്നും CCPC വ്യക്തമാക്കി. പല അളവുകളിലായി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഏതാണ് തങ്ങള്‍ക്ക് ലാഭകരമെന്ന് ഇതുവഴി തിരിച്ചറിയാന്‍ സാധിക്കും. മാത്രമല്ല ഡിസ്‌കൗണ്ട് പ്രൈസ് എന്ന് എഴുതിവച്ചാലും യഥാര്‍ത്ഥത്തില്‍ അത് ലാഭകരമാണോ എന്ന് മനസിലാക്കാന്‍ യൂണിറ്റ് പ്രൈസ് സഹായിക്കും.
തങ്ങളുടെ ക്ലബ്ബ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ നല്‍കുകയാണ് ടെസ്‌കോ ചെയ്യുന്നത്. ഒപ്പം വൗച്ചറുകള്‍, റിവാര്‍ഡുകള്‍ എന്നിവയും നല്‍കുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW