അയർലണ്ടിൽ പകുതിയിലധികം പേരും വാടകയ്ക്ക് താമസിക്കുന്നത് വീട് വാങ്ങാൻ പണമില്ലാത്തതിനാലെന്ന് റിപ്പോർട്ട്

By Rose Malayalam Desk

അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരില്‍ വെറും 6% മാത്രമാണ് സ്വമനസ്സാലെ അപ്രകാരം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ ത്രെഷോള്‍ഡ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത വാടകക്കാരില്‍ പകുതിയിലേറെ പേരും പറഞ്ഞത് തങ്ങള്‍ക്ക് സ്വന്തമായി വീട് വാങ്ങാന്‍ പണമില്ലാത്തതിനാലാണ് വാടകയ്ക്ക് താമസിക്കുന്നത് എന്നാണ്. തൊഴില്‍ മുതലായ കാരണങ്ങളാലാണ് മറ്റ് പലരും വാടകയ്ക്ക് താമസിക്കുന്നത്. രാജ്യത്തെ ഭവനപ്രതിസന്ധിയുടെ നേര്‍ക്കാഴ്ചയായി മാറിയിരിക്കുകയാണ് ത്രെഷോള്‍ഡ് പുറത്തുവിട്ട പുതിയ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ട്.

വാടക നല്‍കിക്കഴിഞ്ഞാല്‍ മറ്റ് ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 74% പേരും പറയുന്നു. ഒരു വര്‍ഷം മുമ്പ് 59% പേരായിരുന്നു ഇത്തരത്തില്‍ പ്രതികരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ 17% പേരായിരുന്നു തങ്ങള്‍ സ്വമനസ്സാലെ വാടകയ്ക്ക് താമസിക്കുകയാണെന്ന് പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അത് 6 ശതമാനത്തിലേയ്ക്ക് കുത്തനെ താഴ്ന്നു.

ഇവയ്ക്ക് പുറമെ 88% പേരും വാടകവീട് കണ്ടെത്തുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ സര്‍വേയെക്കാള്‍ 16% പേര്‍ അധികമായി ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പറഞ്ഞതില്‍ നിന്നും രാജ്യത്തെ വാടകമേഖല കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് വ്യക്തമാക്കുന്നത്.

വീട്ടിലെ സൗകര്യക്കുറവുകള്‍ ചൂണ്ടിക്കാട്ടി ഉടമയെ ബന്ധപ്പെടാന്‍ 54% പേരും മടിക്കുന്നതായി സര്‍വേ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വെറും 25 ശതമാനത്തിലധികം പേര്‍ക്ക് മാത്രമേ പ്രശ്‌നപരിഹാരം ലഭിക്കുന്നുമുള്ളൂ. വാടകക്കാരില്‍ 70% പേരും ഷവര്‍, പ്ലംബിങ്, വെള്ളം കിനിഞ്ഞിറങ്ങുക മുതലായി എന്തെങ്കിലും അസൗകര്യം അനുഭവിക്കുന്നവരുമാണ്.

പ്രശ്‌നപരിഹാരമായി സ്വീഡനിലേത് പോലെ ‘യൂണിറ്ററി ഹൗസിങ് സിസ്റ്റം’ ഇവിടെയും നടപ്പാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ സോഷ്യല്‍, കോസ്റ്റ് റെന്റല്‍ വീടുകള്‍ ലഭ്യമാക്കുകയാണ് ഈ സംവിധാനം വഴി ചെയ്യുന്നത്. ഈ സംവിധാനം വഴി സഹായം ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തുകയും വേണം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW