അയർലണ്ടിൽ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ മഴയും വെയിലും; അസ്വസ്ഥമായ കാലാവസ്ഥ അടുത്തയാഴ്ചയും തുടരും

By Rose Malayalam Desk

അയര്‍ലണ്ടില്‍ വരുന്ന വാരാന്ത്യം മഴയും വെയിലും കൂടിക്കലര്‍ന്നതാകുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ബാങ്ക് ഹോളിഡേ വീക്കെന്‍ഡായ ഈ ദിവസങ്ങളില്‍ ഏതാനും ദിവസമായുള്ള അസ്വസ്ഥമായ കാലാവസ്ഥ തുടരും.

ഇന്ന് (വെള്ളി) പൊതുവെ വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. ആകാശത്ത് മേഘം ഉരുണ്ടുകൂടിയിരിക്കുന്നതിനാല്‍ ഇടയ്ക്ക് മാത്രമേ വെയില്‍ ലഭിക്കുകയുള്ളൂ. ഉച്ചയ്ക്ക് ശേഷം ചാറ്റല്‍ മഴ പെയ്‌തേക്കും. 16 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.

ശനിയാഴ്ച രാവിലെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും, വൈകാതെ തന്നെ മഴ പെയ്യും. കിഴക്കന്‍ പ്രദേശത്തേയ്ക്ക് നീങ്ങുന്ന രീതിയിലാകും മഴ പെയ്യുക. ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടാകുകയും, വെയില്‍ ലഭിക്കുകയും ചെയ്യും. ഇടയ്ക്കിടെ വീണ്ടും മഴയെത്തും. വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെയാകും ഈ മഴ കാര്യമായി ബാധിക്കുക. 15 മുതല്‍ 19 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.

അതേസമയം ശനിയാഴ്ച വൈകുന്നേരത്തോടെ അറ്റ്‌ലാന്റിക് തീരത്ത് നല്ല കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രിയും ഇത് തുടരും. ഒപ്പം മഴയുമെത്തും.

ഞായറാഴ്ചയും ചെറിയ കാറ്റും ഒപ്പം മഴയും പെയ്യും. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടും. 13 മുതല്‍ 17 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.

ബാങ്ക് ഹോളിഡേ ദിനമായ തിങ്കാളാഴ്ച ആകാശം തെളിയുകയും വെയില്‍ ലഭിക്കുകയും ചെയ്യും. ഇടയ്ക്ക് മാത്രം കുറച്ച് മഴയ്ക്കും സാധ്യതയുണ്ട്. വൈകുന്നേരത്തോടെ പടിഞ്ഞാറന്‍ പ്രദേശത്ത് മഴ ശക്തമാകും. രാത്രിയോടെ ഇത് കിഴക്കന്‍ പ്രദേശത്തേയ്ക്ക് നീങ്ങും. 14 മുതല്‍ 17 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.

അടുത്തയാഴ്ചയും മഴയും വെയിലും മാറിമറിയുന്ന കാലവസ്ഥയാണ് അധികൃതര്‍ പ്രവചിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments