അയർലണ്ടിൽ ലീവിങ് സെർട്ട് പ്രോജക്ടുകൾക്ക് കൂടുതൽ മാർക്ക്; സർക്കാർ പദ്ധതിക്കെതിരെ അദ്ധ്യാപക സംഘടനകൾ സമരത്തിലേക്കെന്ന് സൂചന

By Rose Malayalam Desk

എഴുത്ത് പരീക്ഷയ്ക്ക് പുറമെ വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുകള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്ന തരത്തില്‍ ലീവിങ് സെര്‍ട്ടില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി അദ്ധ്യാപകസംഘടനകള്‍. Association of Secondary Teachers Ireland (Asti), Teachers’ Union of Ireland (TUI) എന്നീ സംഘടനകള്‍ ഈ വിഷയത്തില്‍ ഇന്ന് സംയുക്തമായി അടിയന്തരപ്രമേയം പാസാക്കുകയും, അത് പിന്നീട് സമരത്തിന് വഴിയൊരുക്കുകയും ചെയ്‌തേക്കാമെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ മാസത്തോടെ ലീവിങ് സെര്‍ട്ടില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പരിഷ്‌കാരം സംബന്ധിച്ച് സംഘടനകളുമായി വിദ്യാഭ്യാസ വകുപ്പ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പരിഷ്‌കാരം നടപ്പിലാക്കുന്നത് ഒരു വര്‍ഷത്തേയ്ക്ക് വൈകിപ്പിക്കണമെന്നതായിരുന്നു സംഘടനകളുടെ ആവശ്യം.

എഴുത്ത് പരീക്ഷയ്ക്ക് പുറമെയുള്ള പ്രോജക്ടുകള്‍, റിസര്‍ച്ചുകള്‍, പ്രാക്ടിക്കലുകള്‍, ഓറല്‍ പരീക്ഷകള്‍ മുതലായവയ്ക്ക് മിനിമം 40% മാര്‍ക്ക് നല്‍കുന്ന തരത്തിലാണ് സര്‍ക്കാര്‍ പദ്ധതി. ആദ്യ ഘട്ടത്തില്‍ ബയോളജി, കെമിസ്ട്രി, ഫിസികിസ്, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ പരിഷ്‌കാരം നടപ്പിലാക്കാനാണ് തീരുമാനം.

എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നത് ധൃതി കൂട്ടിയാണെന്നും, പല സ്‌കൂളുകള്‍ക്കും സെപ്റ്റംബര്‍ മുതല്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള സാഹചര്യമില്ലെന്നും അദ്ധ്യാപകസംഘടനയായ Asti പറയുന്നു. തങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പക്ഷം പദ്ധതി അതിന്റെ ലക്ഷ്യം നേടുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് TUI-യും പറയുന്നു. കൃത്യമായി നടപ്പിലാക്കിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കാകും നഷ്ടം സംഭവിക്കുകയെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് വളരെ എളുപ്പത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രോജക്ടുകള്‍ ചെയ്യാമെന്നിരിക്കെ, അത് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും സംഘടന പറയുന്നു. എഴുത്ത് പരീക്ഷയ്ക്ക് പുറമെയുള്ളവയ്ക്ക് 40% മാര്‍ക്ക് നല്‍കുന്നതിലെ ധാര്‍മ്മികത, വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമുണ്ടാകുന്ന അമിത ജോലിഭാരം എന്നിവയും ചര്‍ച്ചാവിഷയമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments