അയർലണ്ടിൽ വാട്സാപ്പ് തട്ടിപ്പുകൾ കുത്തനെ ഉയർന്നു; യൂറോപ്പിൽ രണ്ടാം സ്ഥാനത്ത്

By Rose Malayalam Desk

അയര്‍ലണ്ടുകാര്‍ വാട്‌സാപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത് കുത്തനെ ഉയര്‍ന്നതായി Revolut ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളില്‍ യുകെ മാത്രമാണ് അയര്‍ലണ്ടിന് മുമ്പിലുള്ളത്. അയര്‍ലണ്ടില്‍ തട്ടിപ്പിനിരയായ ഓരോരുത്തര്‍ക്കും ശരാശരി 1,200 യൂറോ വീതമാണ് നഷ്ടമായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാട്‌സാപ്പിന്റെ എന്‍ക്രിപ്ഷന്‍ സെക്യൂരിറ്റി തട്ടിപ്പുകളെ തടയുമെന്ന ആളുകളുടെ അമിത ആത്മവിശ്വാസമാണ് പലപ്പോഴും തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. അയര്‍ലണ്ടില്‍ 2024-ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ വാട്‌സാപ്പ് വഴിയുള്ള തട്ടിപ്പുകള്‍ 65% ആണ് വര്‍ദ്ധിച്ചത്. യൂറോപ്പിലാകമനം നടന്ന തട്ടിപ്പുകളില്‍ 12 ശതമാനം അയര്‍ലണ്ടിലാണ്.

മെറ്റായുടെ നിയന്ത്രണത്തിലുള്ള ആപ്പുകളില്‍ തട്ടിപ്പുകള്‍ സ്ഥിരം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വാട്‌സാപ്പിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വഴി പണം നഷ്ടമാകുന്നത് 2024 രണ്ടാം പകുതിയില്‍ 64% ആണ് വര്‍ദ്ധിച്ചത്. ഫേസ്ബുക്ക് തട്ടിപ്പുകളിലെ പണം നഷ്ടമാകല്‍ പക്ഷേ 13% കുറഞ്ഞിട്ടുണ്ട്. ലോകത്താകാമാനം നടന്ന ഇത്തരം തട്ടിപ്പുകളില്‍ 58 ശതമാനവും മെറ്റായുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ്. അതേസമയം വെറും 0.09% തട്ടിപ്പുകളാണ് ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളിലൂടെ നടന്നത് എന്നത്, തട്ടിപ്പുകാരെ തടയാന്‍ വന്‍കിട കമ്പനികള്‍ക്ക് സാധിക്കും എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.

എത്ര തന്നെ എന്‍ക്രിപ്റ്റഡ് എന്നു പറഞ്ഞാലും അപരിചിതരില്‍ നിന്നും വരുന്ന വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം മുതലായ മെസേജുകള്‍ അപ്പടി വിശ്വസിക്കരുതെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments