അയർലണ്ടുകാർ വാർത്തകളറിയാൻ ടിവിയെക്കാൾ ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെ എന്ന് റിപ്പോർട്ട്

By Rose Malayalam Desk

അയര്‍ലണ്ടിലാദ്യമായി വാര്‍ത്തകളറിയാന്‍ ആളുകള്‍ ടിവിയെക്കാള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്. Digital News Report Ireland-ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വാര്‍ത്തകളറിയാനായി രാജ്യത്തെ ജനങ്ങള്‍ കൂടുതലായും ഓണ്‍ലൈന്‍ മാധ്യമങ്ങളിലേയ്ക്ക് തിരിഞ്ഞതായി വ്യക്തമാക്കുന്നത്. അതോടൊപ്പം വാര്‍ത്ത വായിക്കാനായി അയര്‍ലണ്ടുകാര്‍ പണം നല്‍കുന്നത് ഈ വര്‍ഷം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തെ 33% പേരാണ് തങ്ങള്‍ വാര്‍ത്തകളറിയാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് തിരയാറ് എന്ന് സര്‍വേയില്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ കൂടാതെയുള്ള കണക്കാണിത്. 31% പേര്‍ ടിവി ചാനലുകളെ ആശ്രയിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വഴി വാര്‍ത്തകളറിയുന്നത് 21% പേരാണ്. 12% പേര്‍ റേഡിയോയെ ആശ്രയിക്കുമ്പോള്‍ വാര്‍ത്തയറിയാനുള്ള പ്രധാന മാര്‍ഗ്ഗമായി പത്രത്തെ കാണുന്നവര്‍ 3% മാത്രമാണ്.

അതേസമയം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളില്‍ ഏതെല്ലാമാണ് ശരി എന്നും, ഏതെല്ലാമാണ് വ്യാജം എന്നും മനസിലാക്കാന്‍ കഴിയാത്തത് ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രതികരിച്ചവരുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ 7% വര്‍ദ്ധനയുണ്ടായിട്ടുണ്ട്. അയര്‍ലണ്ടിലെ 71% ജനങ്ങളാണ് ഈ ആശങ്ക പങ്കുവച്ചത്.

രാജ്യത്ത് ഏറ്റവുമധികം പേര്‍ വായിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ RTE News Online, The Journal.ie, Irish Independent online, Breaking News.ie, The Irish Times online എന്നിവയാണ് മുന്നില്‍.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW