അയർലണ്ട് സർക്കാരിന്റെ ഭവന നിർമ്മാണം ഇത്തവണയും ലക്ഷ്യം കാണില്ല; വിചാരിച്ചതിലും 6,000 വീടുകൾ കുറവ് മാത്രമേ നിർമ്മാണം പൂർത്തിയാകൂ എന്ന് സെൻട്രൽ ബാങ്ക്

By Rose Malayalam Desk

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടേക്കുമെന്ന് സൂചന നല്‍കി സെന്‍ട്രല്‍ ബാങ്ക്. നേരത്തെ കണക്കുകൂട്ടിയതിലും കുറച്ച് വീടുകളുടെ പണി മാത്രമേ സര്‍ക്കാര്‍ പദ്ധതിയില്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം 30,330 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍, 2023-ല്‍ 32,695 എണ്ണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു.

സര്‍ക്കാരിന്റെ Housing for All പദ്ധതി പ്രകാരം ഈ വര്‍ഷം 41,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ സെന്‍ട്രല്‍ ബാങ്കിന്റെ 2025-ലെ ആദ്യ പാദ ബുള്ളറ്റിന്‍ പ്രകാരം, ഈ ലക്ഷ്യം എത്തിപ്പിടിക്കാന്‍ സാധിച്ചേക്കില്ലെന്നും, 35,000-ഓളം വീടുകളുടെ നിര്‍മ്മാണം മാത്രമേ ഈ വര്‍ഷം സാധ്യമാകുകയുള്ളൂ എന്നുമാണ് പ്രവചിക്കുന്നത്.

ഈ വര്‍ഷം മാത്രമല്ല 2026, 2027 വര്‍ഷങ്ങളിലെ ഭവനനിര്‍മ്മാണ പദ്ധതികളും പൂര്‍ണ്ണമായുിം ലക്ഷ്യത്തിലെത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. അടുത്ത വര്‍ഷം 43,000 വീടുകളും, 2027-ല്‍ 48,000 വീടുകളും നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ 2026-ല്‍ 40,000 വീടുകള്‍, 2027-ല്‍ 44,000 എന്നിങ്ങനെയേ നിര്‍മ്മാണം പൂര്‍ത്തിയാകുകയുള്ളൂ എന്ന് സെന്‍ട്രല്‍ ബാങ്ക് പ്രവചിക്കുന്നു.

നിര്‍മ്മാണമേഖലയിലെ മന്ദഗതി, പ്ലാനിങ് രംഗത്തെ മെല്ലെപ്പോക്ക്, യൂട്ടിലിറ്റി കണക്ഷനുകളിലെ കാലതാമസം എന്നിവയെല്ലാമാണ് ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് തടസം സൃഷ്ടിക്കുന്നതെന്നും ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2024-ല്‍ നിര്‍മ്മാണം അനുവദിച്ച വീടുകളുടെ എണ്ണം 69,000 ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും, ഇവയില്‍ എത്രയെണ്ണം സമയബന്ധിതമായി പൂര്‍ത്തിയാക്കാക്കും എന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

സെന്‍ട്രല്‍ ബാങ്കിന് പിന്നാലെ സര്‍ക്കാരിന്റെ ഭവനപദ്ധതി ഈ വര്‍ഷം വിചാരിച്ച ലക്ഷ്യം നേടില്ലെന്ന് Banking & Payments Federation Ireland (BPFI)-യും പ്രവചിച്ചിട്ടുണ്ട്. പദ്ധതിയിട്ടതില്‍ നിന്നും ഏകദേശം 9,000 കുറവ് വീടുകള്‍ ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കൂ എന്നാണ് BPFI റിപ്പോര്‍ട്ട് പറയുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments