ഐറിഷ് യുവതി ഡാനിയേൽ മക്ലാഗ്ലിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ യുവാവിന് ജീവപര്യന്തം തടവ്

By Rose Malayalam Desk

2017-ൽ ഗോവയിൽ ഐറിഷ് യുവതി ഡാനിയേൽ മക്ലാഗ്ലിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 31 കാരനായ വികട് ഭഗതിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

ഗോവയിലെ മാർഗാവോ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ കഴിഞ്ഞ വെള്ളിയാഴ്ച കുറ്റക്കാരനായി കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ന് (തിങ്കളാഴ്ച) ശിക്ഷാ വിധി പുറപ്പെടുവിച്ചത്.

ഭഗതിന് രണ്ട് ജീവപര്യന്തം തടവുശിക്ഷകൾ ആണ് വിധിക്കപ്പെട്ടത് കൊലപാതകത്തിനും ബലാത്സംഗത്തിനുമായി ഓരോ ജീവപര്യന്തവും, കൂടാതെ തെളിവ് നശിപ്പിച്ചതിന് രണ്ട് വർഷത്തെ അധിക തടവും വിധിക്കപ്പെട്ടു.

ഈ ശിക്ഷകൾ ഒരേ സമയം അനുഭവിച്ചാൽ മതി. 14 വർഷം തടവ് ശിക്ഷ കഴിഞ്ഞാൽ പ്രതിക്ക് ജയിൽ മോചിതനാകാം. ഇതിനകം ഏഴ് വർഷത്തെ തടവ് ശിക്ഷ പ്രതി അനുഭവിച്ചു കഴിഞ്ഞു.

ഐറിഷ് യുവതി ഡാനിയേൽ മക്ലാഗ്ലിൻ ഗോവയിൽ ക്രൂര ബലാത്സംഗത്തിനിരായി കൊല്ലപ്പെട്ടതിന് ശേഷം ഏകദേശം ഏഴ് വർഷത്തെ നീണ്ട വിചാരണക്ക് ശേഷമാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.

2017 മാർച്ച് 14-ന് ഗോവയിലെ കനകോണ ഗ്രാമത്തിലെ ഒരു വനപ്രദേശത്ത് വെച്ച് ഗോവന്‍ സ്വദേശിയായ വികട് ഭഗത് (24) 28-കാരിയായ ഡാനിയൽ മക്ലഗ്ലിനെ ബലാത്സംഗംചെയ്തു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ, മക്ലാഗ്ലിന്‍റെ മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്തു.

അയർലണ്ടിലെ ഡോണഗലിൽ നിന്നുള്ള ഡാനിയൽ മക്ലാഗ്ലിൻ 2017 മാർച്ചിൽ ഒരു ടൂറിസ്റ്റായി ഗോവ സന്ദർശിക്കുകയായിരുന്നു. അക്കാലത്ത് ഡാനിയലുമായി സൌഹൃദത്തിലായ ഭഗത്, ഹോളി ഉത്സവത്തിൽ പങ്കെടുത്തതിന് ശേഷം ഒരു വൈകുന്നേരം ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നു എന്നാണ് കേസ്.

ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർത്ഥിനിയായ ഡാനിയേലിന്റെ മൃതദേഹം മരണത്തിനു ശേഷം അയർലണ്ടിലേക്ക് തിരിച്ചു എത്തിച്ചു. പോസ്റ്റുമോർട്ടം പരിശോധനയിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകള്‍ ആണ് മരണകാരണമെന്നു കണ്ടെത്തി.

ഡാനിയേൽ മുമ്പ് ഇന്ത്യയിൽ ഒരു അനാഥാലയത്തിൽ വോളണ്ടീയറായി പ്രവർത്തിച്ചിരുന്നു. പിന്നീട് യോഗാ പരിശീലനം നേടാനായി വീണ്ടും ഇന്ത്യയിലെത്തിയതായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments