ഐറിഷ് റോഡുകളിലെ അപകടങ്ങളും മരണങ്ങളും കുറയ്ക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി, ഇന്ന് മുതൽ ഗ്രാമീണ പ്രാദേശിക റോഡുകളിൽ വേഗപരിധി 80km/h ല്‍ നിന്ന് 60km/h ആയി കുറയ്ക്കും. രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് റോഡുകളിലായി പുതിയ വേഗപരിധി ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, അധികൃതര്‍ ഈ മാറ്റം കാണിക്കുന്നതിനായി അടയാളബോർഡുകൾ പുതുക്കിയിരുന്നു.
ഗ്രാമീണ വേഗപരിധി അടയാളമായ അഞ്ച് കോണാകൃതിയിലുള്ള കറുത്ത വരകളുള്ള വെളുത്ത വൃത്തം ഇനി മുതൽ പരമാവധി 60 കിലോമീറ്റർ വേഗതയാണ് സൂചിപ്പിക്കുക.
ഈ റോഡുകൾ മാപ്പുകളിൽ ‘L’ എന്ന അക്ഷരത്തോടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇവ പ്രധാനമായും ഗ്രാമീണ പ്രദേശങ്ങളിലായതിനാൽ, ഈ മാറ്റം ഗതാഗതത്തിനും യാത്രാ സമയത്തിനും വലിയ വ്യത്യാസം ഉണ്ടാക്കില്ലെന്നാണ് കരുതുന്നത്.
റോഡ് അപകടങ്ങളിൽ വർദ്ധിച്ചുവരുന്ന മരണങ്ങൾ പരിഹരിക്കാനുള്ള സർക്കാർ തീരുമാനത്തിന്‍റെ ഭാഗമായാണ് ഈ കുറവ് വരുത്തിയിരിക്കുന്നത്. ഇത് ദേശീയ തലത്തിലെ വേഗ പരിധി പരിഷ്കരണത്തിന്റെ ആദ്യഘട്ടമാണ്.
ഈ വർഷം അവസാനത്തോടെ, നഗരപ്രദേശങ്ങളിലും ടൗൺ സെന്ററുകളിലും ഹൗസിംഗ് എസ്റ്റേറ്റുകളിലും വേഗ പരിധി 50km/h ല്‍ നിന്ന് 30km/h ആയി കുറയ്ക്കും.
അതെ സമയം നാഷണല്‍ സെക്കണ്ടറി റോഡുകളിലെ വേഗപരിധി 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററാക്കും .
2023-ൽ ഗതാഗത വകുപ്പ് നിർദേശപ്രകാരം നടത്തിയ വേഗപരിധി അവലോകന റിപ്പോർട്ട് പ്രകാരം, വേഗത കുറയ്ക്കുന്നത് അപകട സാധ്യതകൾ ഗണ്യമായി കുറയ്ക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments