കലാപം ഒടുങ്ങാത്ത നോർത്തേൺ അയർലണ്ട്; തുടർച്ചയായി മൂന്നാം രാത്രിയിലും അക്രമം

By Rose Malayalam Desk

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Ballymena-യില്‍ തുടര്‍ച്ചയായി മൂന്നാം ദിവസം രാത്രിയും കലാപവും അക്രമവും. Ballymena-യില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ പീഡനശ്രമത്തിനെതിരായ പ്രതിഷേധം തിങ്കളാഴ്ചയാണ് കലാപത്തിന് വഴി മാറിയത്. സംഭവത്തിലെ പ്രതികള്‍ റൊമാനിയന്‍ സ്വദേശികളായ കൗമാരക്കാരാണ് എന്നത് പ്രശ്‌നം വംശീയവിദ്വേഷം ആളിക്കത്തിച്ചിരിക്കുകയാണ്.

Co Antrim-ലെ പട്ടണമായ Ballymena-യില്‍ ഇന്നലെ രാത്രി പൊലീസിന് നേരെ പെട്രോള്‍ ബോംബ്, മഴു, കല്ലുകള്‍ എന്നിവ എറിയുകയുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും, പ്ലാസ്റ്റിക് ബാറ്റണുപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തു. ഡോഗ് യൂണിറ്റുകളെയും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ എത്തിച്ചിരുന്നു.

Ballymena-യ്ക്ക് പുറമെ Coleraine, Larne എന്നീ പട്ടണങ്ങളിലേയ്ക്കും ഇന്നലെ കലാപം പടര്‍ന്നു. മുഖംമൂടി ധാരികള്‍ ഇവിടെ ഒരു ലെഷര്‍ സെന്ററിന് തീവയ്ക്കുകയും, ജനാലകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. Ballymena-യിലെ കലാപം കാരണം അടിയന്തരസഹായം വേണ്ടവര്‍ക്കുള്ള കേന്ദ്രമായി ഇവിടം ഉപയോഗിച്ചുവന്നിരുന്നു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

Belfast, Lisburn, Carrickfergus, Newtownabbey എന്നിവിടങ്ങളിലും ഈയാഴ്ച ആദ്യം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബുധനാഴ്ച വരെ ആറ് പേരെ അറസ്റ്റ് ചെയ്യുകയും, ഇവരില്‍ ഒരാള്‍ക്ക് മേല്‍ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. കലാപത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു. മൂന്നാം ദിവസം രാത്രിയിലും പ്രശ്‌നക്കാരെ നേരിടാന്‍ കലാപവിരുദ്ധ പൊലീസ് രംഗത്തിറങ്ങി.

പ്രതിഷേധം വംശീയകലാപമായി മാറിയതിനെ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അടക്കമുള്ളവര്‍ അപലപിച്ചു. പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം നടത്തിയ രണ്ട് കൗമാരക്കാരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. നിയമത്തെ അതിന്റെ വഴിക്ക് വിടാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും നോര്‍ത്തേണ്‍ അയര്‍ലണ്ട് മന്ത്രിമാര്‍ ആഹ്വാനം ചെയ്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW