കോർക്കിൽ വയോധികനായ ഡ്രൈവറെ ഭീഷണിപ്പെടുത്തി ടാക്സി തട്ടിയെടുക്കാൻ ശ്രമിച്ചു; പ്രതികളിൽ ഒരാൾക്ക് നാല് വർഷം തടവ്

By Rose Malayalam Desk

കോര്‍ക്കില്‍ 75-കാരനായ ടാക്‌സി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ നാല് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ച് കോടതി. 2024 ജനുവരി 26-നായിരുന്നു കേസിനാസ്പദമായ സംഭവം.

കോര്‍ക്കിലെ Rathpeacon-ലുള്ള Monard-ല്‍ വച്ച് ടാക്‌സിയില്‍ കയറിയ മൂന്നംഗ സംഘം കത്തി കാട്ടി ഡ്രൈവറായ വയോധികനെ ഭീഷണിപ്പെടുത്തുകയും, കാറില്‍ നിന്നും പുറത്താക്കുകയും ചെയ്യുകയായിരുന്നു. ഇവരില്‍ ഒരാളായ Anthony Hornibrook (39)-നെയാണ് Cork Circuit Criminal Court ശിക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് ക്യാമറയില്‍ നിന്നും ലഭിച്ചിരുന്നു.

35 വര്‍ഷമായി കോര്‍ക്കില്‍ ടാക്‌സി ഓടിക്കുന്ന ഡ്രൈവര്‍ക്ക് ഇത്തരമൊരു അനുഭവം ആദ്യമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് ശേഷം വല്ലാത്ത മാനസിക ബുദ്ധിമുട്ടാണ് ഡ്രൈവറായ 75-കാരന്‍ അനുഭവിച്ച് പോരുന്നത്.

ഈ കേസിന് പുറമെ വിവിധ സ്ഥലങ്ങളിലായി മോഷണം നടത്തിയതിനും പ്രതിയായ Anthony Hornibrook കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. മയക്കമരുന്നിന് അടിമയായ ഇയാള്‍ ഇതിന് പണം കണ്ടെത്താനാണ് മോഷണങ്ങള്‍ നടത്തിയത്.

നിലവില്‍ ജയിലില്‍ കഴിയുന്ന പ്രതി മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും മോചിതനാണെന്നും, ജയിലില്‍ നല്ല നടപ്പിലാണെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് നാലര വര്‍ഷം തടവ് വിധിച്ചതില്‍ നിന്നും ആറ് മാസം ഇളവ് ചെയ്യുകയായിരുന്നു. ഇയാളെ ഏഴ് വര്‍ഷത്തേയ്ക്ക് വാഹനം ഓടിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments