ഡബ്ലിനിൽ ആയിരങ്ങൾ പങ്കെടുത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധം, 3 അറസ്റ്റ്; പ്രതിഷേധക്കാരെ തള്ളി പ്രധാനമന്ത്രി

By Rose Malayalam Desk

ഡബ്ലിനില്‍ നടന്ന കുടിയേറ്റവിരുദ്ധ റാലിക്കിടെ മൂന്ന് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പതിനായിരങ്ങള്‍ പങ്കെടുത്ത് Parnell Square-ലെ Garden of Remembrance-ല്‍ നിന്നും റാലി പുറപ്പെട്ടത്. ഈ സമയം തന്നെ ഇതിന് ബദലായി United Against Racism റാലിയും നടന്നു. അനിഷ്ടസംഭവങ്ങള്‍ ചെറുക്കാനായി വന്‍ ഗാര്‍ഡ സാന്നിദ്ധ്യവും നഗരത്തിലുണ്ടായിരുന്നു. റാലിയെത്തുടര്‍ന്ന് ലുവാസ് സര്‍വീസുകള്‍ മണിക്കൂറുകളോളം തടസപ്പെടുകയും ചെയ്തു. ക്രമസമാധാന പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്ന് അറിയിച്ച ഗാര്‍ഡ, വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും വ്യക്തമാക്കി.

ഐറിഷ് എംഎംഎ ഫൈറ്ററായ Conor McGregor റാലി പുറപ്പെടുന്നതിന് മുമ്പായി ജനത്തെ അഭിസംബോധന ചെയ്യാനെത്തിയിരുന്നു. സ്ത്രീയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട സിവില്‍ കേസില്‍ ജൂറി കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയാണ് നടന്‍ കൂടിയായ ഇയാള്‍. 2018-ല്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ നവംബറിലാണ് ജൂറി സുപ്രധാന കണ്ടെത്തല്‍ നടത്തിയത്. തുടര്‍ന്ന് 250,000 യൂറോ സ്ത്രീക്ക് നഷ്ടപരിഹാരമായി ഇയാള്‍ നല്‍കിയിരുന്നു. സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് എതിരായാണ് പ്രതിഷേധം എന്നായിരുന്നു ശനിയാഴ്ച McGregor പറഞ്ഞത്.

അതേസമയം അയര്‍ലണ്ടിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി 1916-ല്‍ നടന്ന നടന്ന സായുധവിപ്ലവത്തിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയായാണ് ഈ പ്രതിഷേധം എന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഇതിനെതിരെ രംഗത്ത് വന്നു. 1916-ലെ വിപ്ലവത്തിന്റെ സന്ദേശം ഇടുങ്ങിയതല്ല എന്ന് പറഞ്ഞ മാര്‍ട്ടിന്‍, നമ്മള്‍ ആധുനിക യൂറോപ്യന്‍ സമൂഹത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു. റാലിയില്‍ നിന്നും ഉണ്ടായ നെഗറ്റിവിറ്റികളെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1916 Rising-ന്റെ ഓര്‍മ്മപുതുക്കലിന്റെ ഭാഗമായി Fianna Fail പാര്‍ട്ടി Arbour Hill Cemetery-യില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments