ഡബ്ലിനില്‍ കനേഡിയന്‍ ടൂറിസ്റ്റിനെ മര്‍ദ്ദിച്ച് ബോധരഹിതനാക്കിയ കേസില്‍ പ്രതിയായ 23-കാരന് ജാമ്യം നിഷേധിച്ച് കോടതി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് Cathal Brugha Street, O’Connell Street Upper എന്നിവിടങ്ങളില്‍ വച്ച് പ്രതിയായ Madalin Ghiuzan, കാനഡയില്‍ നിന്നെത്തിയ 40-ലേറെ പ്രായമുള്ള വിനോദസഞ്ചാരിയെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കനേഡിയന്‍ പൗരന്‍ ഇപ്പോഴും ബോധമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ അന്നുതന്നെ റൊമാനിയില്‍ നിന്നുള്ള കുടിയേറ്റക്കാരനായ Madalin Ghiuzan-നെയും മറ്റൊരാളെയും ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. ശേഷം കൂടെയുള്ള ആളെ വെറുതെവിടുകയും, കുറ്റം ചുമത്തിയ Ghiuzan-നെ ഇന്നലെ ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
വിചാരണവേളയില്‍ പ്രതി യാതൊരു പ്രതികരണവും നടത്തിയില്ല. ദ്വിഭാഷിയുടെ സഹായത്തോടെ നടത്തിയ വിചാരണയില്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജഡ്ജ് പ്രതിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. ഒപ്പം ജാമ്യം നല്‍കിയാല്‍ രാജ്യം വിട്ടേക്കുമെന്ന ഗാര്‍ഡയുടെ വാദവും കണക്കിലെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു കുടുംബാംഗത്തോടൊപ്പമാണ് പ്രതി അയര്‍ലണ്ടില്‍ താമസിച്ചുവരുന്നത്.
പ്രതിയുടെ മേല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഗാര്‍ഡ ചുമത്തിയിരിക്കുന്നത്. റിമാന്‍ഡില്‍ വിട്ട ഇയാളെ വീണ്ടും വെള്ളിയാഴ്ച ക്ലോവര്‍ഹില്‍ ജില്ലാ കോടതിയില്‍ ഹാജരാക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW