ഡബ്ലിൻ റേപ്പ് ക്രൈസിസ് സെന്ററുമായി ബന്ധപ്പെടുന്നവരുടെ എണ്ണത്തിൽ റെക്കോർഡ്; ലൈംഗിക ചൂഷണം നേരിടുന്നവർ തുറന്ന് പറയാൻ മുന്നോട്ട് വരണമെന്ന് അധികൃതർ

By Rose Malayalam Desk

Dublin Rape Crisis Centre (DRCC)-ലേയ്ക്ക് സഹായത്തിനായി വിളിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡിലെത്തിയതായി റിപ്പോര്‍ട്ട്. 2024-ല്‍ 22,700 പേരാണ് ബന്ധപ്പെട്ടതെന്നും, സെന്ററിന്റെ 46 വര്‍ഷത്തെ ചരിത്രത്തിലെ റെക്കോര്‍ഡാണിതെന്നും അധികൃതര്‍ പറഞ്ഞു.

സെന്ററിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. റിപ്പോര്‍ട്ടിലെ ഈ കണക്ക് ആശങ്കപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. ലൈംഗികമായ ഉപദ്രവങ്ങള്‍ എക്കാലവും പുറത്തുപറയാന്‍ ആളുകള്‍ മടിച്ചിരുന്ന ഒന്നാണെന്നും, എന്നാല്‍ ഇപ്പോള്‍ അത് മാറിവരികയാണെന്നും, ആളുകള്‍ നമ്മുടെ നീതിന്യായവ്യവസ്ഥയില്‍ കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. DRCC-യുടെ പ്രവര്‍ത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു.

ഇതാദ്യമായാണ് 20,000-ലധികം പേര്‍ ഒരു വര്‍ഷം DRCC-യുമായി ബന്ധപ്പെടുന്നതെന്ന് ചീഫ് എക്‌സിക്യുട്ടീവായ Rachel Morrogh പറഞ്ഞു. സെന്ററുമായി ബന്ധപ്പെടുന്നതില്‍ ആളുകള്‍ കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെന്നും, അതേസമയം ലൈംഗികോപദ്രവം വലിയൊരു പ്രശ്‌നമായി ഇപ്പോഴും നിലകൊള്ളുന്നുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു.

ലൈംഗികചൂഷണം നേരിടുന്നവര്‍ തങ്ങളെ ബന്ധപ്പെടുന്നത് വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും ആയിരക്കണക്കിന് പേര്‍ തങ്ങളനുഭവിച്ച ചൂഷണങ്ങള്‍ പുറത്ത് പറയാതെ, അതിന്റെ ട്രോമയില്‍ ജീവിക്കുകയാണെന്ന് Rachel Morrogh പറഞ്ഞു. അവരെ തങ്ങള്‍ കാണാതെ പോകുന്നില്ലെന്നും, അവര്‍ സംസാരിക്കാന്‍ തയ്യാറാകണമെന്നും, കേള്‍ക്കാന്‍ തങ്ങളുണ്ടെന്നും Morrogh കൂട്ടിച്ചേര്‍ത്തു.

നിയമസഹായത്തിന് പുറമെ കൗണ്‍സിലിങ് അടക്കമുള്ളവയും DRCC നല്‍കിവരുന്നുണ്ട്.

നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗികചൂഷണം നേരിടുകയാണെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന National Rape Crisis Helpline നമ്പറുമായി ബന്ധപ്പെടാം: 1800 778888

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments