നോർത്തേൺ അയർലണ്ടിൽ നാലാം രാത്രിയിലും കലാപം; അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി പൊലീസ്

By Rose Malayalam Desk

വടക്കന്‍ അയര്‍ലണ്ടില്‍ തുടരുന്ന കലാപത്തിനിടെ തുടര്‍ച്ചയായി നാലാമത്തെ രാത്രിയിലും വിവിധ ടൗണുകളില്‍ പൊലീസിന് നേരെ ആക്രമണം. വ്യാഴാഴ്ച Portadown-ല്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മിസൈല്‍ ഏറുണ്ടായി. ഈയാഴ്ച ആദ്യം Co Antrim-ലെ Ballymena-യില്‍ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം ഉണ്ടായതിന് പിന്നാലെ തിങ്കളാഴ്ച്ച ഉരുത്തിരിഞ്ഞ പ്രതിഷേധം കലാപമായി മാറുകയായിരുന്നു. റൊമാനിയക്കാരായ രണ്ട് കൗമാരക്കാരാണ് കേസിലെ പ്രതികള്‍ എന്നത് പ്രതിഷേധത്തിന് വംശീയമായ മാനവും നല്‍കി.

അതേസമയം കലാപത്തില്‍ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് മുന്നറിയിപ്പ് നല്‍കി. മതഭ്രാന്തന്മാരും, വംശീയവാദികളുമാണ് കലാപത്തിന് പിന്നിലെന്നും പൊലീസ് മേധാവിയായ Jon Boutcher പറഞ്ഞു. കലാപത്തില്‍ ഇതുവരെ 41 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് വരെ 15 പേര്‍ അറസ്റ്റിലാകുകയും ചെയ്തു.

ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട Jon Boutcher, സംസ്‌കാരമുള്ള ഒരു സമൂഹം പെരുമാറേണ്ടത് ഇത്തരത്തിലല്ല എന്നും വ്യക്തമാക്കി. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ വിഷമിപ്പിക്കുന്നതാണെന്നും, അവര്‍ ഇത് അവസാനിച്ച് കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമം തുടരുന്നവരെ ക്രിമിനല്‍ നടപടികള്‍ പ്രകാരം നേരിടുമെന്നും Boutcher മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ മുന്നറിയിപ്പ് ശേഷവും മുഖംമൂടി ധാരികള്‍ Portadown-ല്‍ പൊലീസിനെ ആക്രമിച്ചു. കലാപകാരികളെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കികളുപയോഗിച്ചു. പ്രശ്‌നങ്ങള്‍ തുടരുന്നുണ്ടെങ്കിലും കലാപത്തിന് മുന്‍ദിവസങ്ങളെക്കാള്‍ ശക്തി കുറഞ്ഞിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW