ഫ്രീനൗ, ഊബർ എന്നിവയെ നേരിടാൻ തദ്ദേശീയ ടാക്സി ബുക്കിങ് ആപ്പായ ‘ഹോല’യുമായി ഡബ്ലിനിലെ ഡ്രൈവർമാർ

By Rose Malayalam Desk

വന്‍കിട ടാക്‌സി ബുക്കിങ് ആപ്പുകളായ ഊബര്‍, ഫ്രീനൗ മുതലായവയുടെ അപ്രമാദിത്വം നേരിടാന്‍ സ്വന്തമായി ആപ്പ് വികസിപ്പിച്ച് ഡബ്ലിനിലെ ടാക്‌സി ഡ്രൈവര്‍മാര്‍. ഹോല (Hola) എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ ആപ്പ് ഒരു ആപ്പ് എന്നതിലുപരി ഒരു കൂട്ടായ്മയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

ഒരു ട്രിപ്പിന്റെ 15% ആണ് ജര്‍മ്മന്‍ കമ്പനിയായ ഫ്രീനൗ ഈടാക്കുന്നതെന്നും, യുഎസ് കമ്പനിയായ ഊബര്‍ ഈടാക്കുന്നതെന്ന് 12% ആണെന്നും പറയുന്ന ഡ്രൈവര്‍മാര്‍ ഇത് ശരിയായ രീതിയല്ല എന്നും, വലിയ നഷ്ടമാണ് ഇതുവഴി തങ്ങള്‍ക്ക് ഉണ്ടാകുന്നതെന്നും വ്യക്തമാക്കുന്നു. അതിനാല്‍ ഹോല ഈടാക്കുന്നത് ട്രിപ്പിന് 1 യൂറോ മാത്രമാണെന്നും ഈ സംരംഭത്തിന് പിന്നിലുള്ളവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഡബ്ലിനില്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന കമാല്‍ ഗില്‍, ലാര്‍ കെല്ലി എന്നിവരാണ് ഹോല ആപ്പിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍. അലക്‌സ് ആന്ദ്രേ, യാസര്‍ റാണ എന്നിവരുടെ സഹായവും പിന്നീട് ലഭിച്ചു. ഡബ്ലിനിലെ ഏകദേശം 1,000-ഓളം ഡ്രൈവര്‍മാര്‍ ഇതിനോടകം ഹോലയില്‍ ചേര്‍ന്നതായി കമാലും, ലാറും പറയുന്നു.

മറ്റ് ആപ്പുകള്‍ക്ക് സമാനമായ ഇന്റര്‍ഫേസാണ് ഹോലയുടേതും. ടാക്‌സി പ്രീ ബുക്ക് ചെയ്യാനും, ഉടന്‍ ബുക്ക് ചെയ്യാനുമെല്ലാം ഇതില്‍ സൗകര്യമുണ്ട്. ആപ്പ് വഴി തന്നെ പണവും അടയ്ക്കാവുന്നതാണ്. ഓരോ ട്രിപ്പില്‍ നിന്നും 1 യൂറോ വീതം ഡ്രൈവര്‍മാര്‍ ആപ്പിന് നല്‍കണം.

അതേസമയം ഹോലയുടെ വരവിനെ സ്വാഗതം ചെയ്യുന്നതായി ഊബര്‍ അയര്‍ലണ്ട് പ്രതികരിച്ചു. ഐറിഷ് വിപണിയില്‍ ആരോഗ്യകരമായ മത്സരമുണ്ടാകുന്നതിനെയും കമ്പനി പിന്തുണച്ചു. തങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ബോണസ് റിവാര്‍ഡുകള്‍ നല്‍കുന്നുണ്ടെന്നാണ് ഫ്രീനൗ പ്രതികരിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments