ഐറിഷ് വിസ തട്ടിപ്പിനിരയായി അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ലഭിച്ച നഴ്‌സുമാരുടെ വിലക്ക് നീക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഇമെയില്‍ അധികൃതര്‍ അയച്ചുതുടങ്ങി. സംഭവത്തില്‍ കാര്യക്ഷമമായി ഇടപെട്ട മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിന്റെ (MNI) പ്രവര്‍ത്തനമാണ് സത്യാവസ്ഥ അധികൃതരെ ബോധ്യപ്പെടുത്താനും, വിലക്ക് നീക്കാന്‍ തീരുമാനമെടുക്കാനും വലിയ രീതിയില്‍ സഹായകമായത്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഡബ്ലിനില്‍ ജോലി ചെയ്തിരുന്ന സൂരജ് എന്ന വ്യക്തി, വ്യാജ ഇന്റര്‍വ്യൂവും, വ്യാജരേഖകളും ഉപയോഗിച്ച് മലയാളികളടക്കം ഇന്ത്യയിലെ നൂറുകണക്കിന് നഴ്‌സുമാരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്. ഇയാള്‍ നല്‍കിയ എംപ്ലോയ്‌മെന്റ് പെര്‍മിറ്റുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു ഇന്ത്യന്‍ എംബസി നഴ്‌സുമാരുടെ വിസ നിരാകരിക്കുകയും, അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്.

സത്യം പുറത്തുവരികയും, സൂരജ് പൊലീസില്‍ കീഴടങ്ങുകയും ചെയ്തതോടെ നഴ്‌സുമാര്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് ഇരയാകുകയായിരുന്നു എന്ന് എംബസിക്ക് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് MNI നടത്തിയ ഇടപെടലുകളുടെ ഭാഗമായി വിസ വിലക്ക് പിന്‍വലിക്കാമെന്ന് എംബസി ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യമാണ് രേഖാമൂലം ഇമെയിലായി എംബസി നഴ്‌സുമാര്‍ക്ക് അയച്ചുതുടങ്ങിയിട്ടുള്ളത്.
നഴ്‌സുമാര്‍ സ്വയം വ്യാജരേഖ നിര്‍മ്മിച്ചതല്ലെന്നും, തട്ടിപ്പിന് ഇരയായതാണെന്നും തങ്ങള്‍ക്ക് വ്യക്തമായതായും, അതിനാല്‍ വിലക്ക് നീക്കുന്നുവെന്നും, ഇനിമുതല്‍ ഐറിഷ് വിസയ്ക്കായി അപേക്ഷിക്കാവുന്നതാണെന്നും എംബസി അയയ്ക്കുന്ന ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഭാവിയില്‍ വിസ അപേക്ഷ നല്‍കുമ്പോള്‍ തട്ടിപ്പിനരയായി വിസ നിഷേധിക്കപ്പെട്ട കാര്യവും കൂട്ടിച്ചേര്‍ക്കണമെന്നും ഇമെയിലില്‍ പറയുന്നുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW