ലിമറിക്ക് സിറ്റിയില്‍ നടന്ന ഗ്യാങ് വാറില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി നഗരത്തിലെ തെക്കന്‍ പ്രദേശമായ Hyde Avenue-വില്‍ ഉണ്ടായ അക്രമസംഭവത്തിലാണ് മൂന്ന് പുരുഷന്മാര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. University Hospital Limerick-ലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അക്രമസംഭവത്തില്‍ ഒരു കാറും തകര്‍ത്തിട്ടുണ്ട്.
ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പക ഇക്കഴിഞ്ഞ മാസങ്ങളില്‍ തുടര്‍ച്ചയായ വെടിവെപ്പ്, പൈപ്പ് ബോംബ് ആക്രമണങ്ങള്‍, വീടുകള്‍ ലക്ഷ്യം വച്ചുള്ള ഫയര്‍ ബോംബിങ്ങുകള്‍ എന്നിവയ്ക്ക് കാരണമായിരുന്നു. പ്രശ്‌നം ഈ നിലയ്ക്ക് തുടരുകയാണെങ്കില്‍ ആരെങ്കിലും കൊല്ലപ്പെടാന്‍ വരെ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചത്തെ പരസ്പര ആക്രമണത്തിലും നിരവധി പേര്‍ പങ്കെടുത്തിരുന്നു.
ക്രിമിനല്‍ കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കം അതിരുവിട്ട അക്രമമായതോടെ നഗരത്തില്‍ സ്ഥിരമായി സായുധ ഗാര്‍ഡ സംഘം പട്രോളിങ് നടത്താന്‍ ആരംഭിച്ചിരുന്നു. ചില സ്‌കൂളുകള്‍ക്ക് മുമ്പിലും ഗാര്‍ഡ നിലയുറപ്പിച്ചതായും, ക്രിമിനല്‍ സംഘങ്ങള്‍ പരസ്പരം ആക്രമിക്കുന്നത് സാധാരണക്കാരായ ആളുകള്‍ക്കും ഭീഷണിയാകുന്നുണ്ടെന്നും ഗാര്‍ഡ ലിമറിക്ക് ജില്ലാ കോടതിയെ അറിയിച്ചിരുന്നു.
നഗരത്തില്‍ തോക്കുകള്‍, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തതായും ഗാര്‍ഡ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അക്രമസംഭവങ്ങളില്‍ ഉള്‍പ്പെടുന്നവരെന്ന് കരുതുന്ന ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡില്‍ വച്ചിട്ടുമുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW