നീനാ (കൗണ്ടി ടിപ്പററി): അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് നീനയിൽ നടന്ന പരേഡിൽ നിറസാന്നിധ്യമായി മലയാളി സമൂഹം. നീനാ കൈരളി അസോസിയേഷനും, നീനാ ക്രിക്കറ്റ് ക്ലബും സംയുക്തമായാണ് പരേഡിൽ അണിനിരന്നത്. കുട്ടികളും മുതിർന്നവരും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് അണിനിരന്നത് നയന മനോഹരമായിരുന്നു. നീനാ ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ ജേഴ്സി ധരിച്ച് ബാറ്റും ബോളുമായി നീങ്ങുന്നത് വ്യത്യസ്തമായ കാഴ്ചയായി.

പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിച്ചുള്ള കുട്ടികളുടെ ഭരത നാട്യം, ബാൻഡ് മേളം എന്നിവ കാണികളെ ആവേശോജ്ജ്വലരാക്കി. ബാൻഡ് മേളത്തിനും, ഭരതനാട്യത്തിനുമൊപ്പം ചുവടുകൾ വച്ചും, ക്രിക്കറ്റ് ബാറ്റിലേയ്ക്ക് ബോളുകൾ പാസ് ചെയ്തും കാണികളും പിന്തുണ നൽകിയതോടെ ആവേശം ഇരട്ടിയായി. ഇരുനൂറിലധികം ആളുകളുടെ പങ്കാളിത്തം കൊണ്ട് പരേഡിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ, നീനാ കൈരളി-ക്രിക്കറ്റ് ക്ലബ്ബിനായി. പരേഡിൽ പങ്കെടുത്ത എല്ലാ മെമ്പേഴ്സിനും നീനാ കൈരളി, ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ നന്ദി അറിയിച്ചു.
വാർത്ത : ജോബി മാനുവൽ
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments