അയര്‍ലണ്ടില്‍ അടുത്ത വര്‍ഷം സാമ്പത്തികമാന്ദ്യം ഉണ്ടാകാമെന്ന് 82% പേരും ഭയപ്പെടുന്നതായി സര്‍വേ. 56% പേര്‍ ഇത് 2008-ലെ സാമ്പത്തികത്തകര്‍ച്ചയെക്കാള്‍ ഭീകരമായിരിക്കുമെന്ന് വിശ്വസിക്കുന്നതായും സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ്/ അയര്‍ലണ്ട് തിങ്ക്‌സ് നടത്തിയ സര്‍വേയില്‍ പറയുന്നു.
ഇറാനെതിരായ ഇസ്രായേല്‍-യുഎസ് സംഖ്യമാരംഭിച്ച യുദ്ധം ആഗോള സാമ്പത്തികമാന്ദ്യത്തിന് കാരണമാകുമെന്ന് ജനങ്ങള്‍ ഭയക്കുന്നുവെന്നാണ് സര്‍വേ പറയുന്നത്. അടുത്ത 12 മാസത്തിനിടെ രാജ്യം സാമ്പത്തികമാന്ദ്യത്തിലേയ്ക്ക് പോയേക്കാമെന്നും അവര്‍ കരുതുന്നു.
അതേസമയം ഈസ്റ്റര്‍ അവധി റദ്ദാക്കി പാര്‍ലമെന്റ് സഭ കൂടണമെന്ന പ്രതിപക്ഷ ആവശ്യം ധനകാര്യവകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് തള്ളി. ശനിയാഴ്ച ഷിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡാണ് ഊര്‍ജ്ജവില കുത്തനെ കൂടിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കൈയൊഴിഞ്ഞുവെന്ന് കുറ്റപ്പെടുത്തുകയും, അവധി നിര്‍ത്തിവച്ച് സഭ കൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.
എന്നാല്‍ നിലവില്‍ ജീവിതച്ചെലവ് കുറയ്ക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കുന്നത് അനുചിതവും, വിഡ്ഢിത്തവുമാകുമെന്ന് സഭ തിരികെ വിളിക്കാനുള്ള ആവശ്യം തള്ളിക്കൊണ്ട് ഹാരിസ് പറഞ്ഞു. നിലവില്‍ രാജ്യത്തെ ഇന്ധനവിതരണത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച വിദഗ്ദ്ധാഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ഊര്‍ജ്ജകേന്ദ്രങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇന്ധനവിലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അതുകാരണം ലഭിച്ച ഗുണം ഇതിനോടകം തീര്‍ന്നുവെന്നും, സര്‍ക്കാര്‍ ഉടന്‍ തന്നെ പുതിയ നടപടികള്‍ കൈക്കൊള്ളണമെന്നും അയര്‍ലണ്ടിലെ ലോറി ഉടമകളുടെ സംഘടനയും കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതുതായി വേറെ നടപടികളൊന്നും ഉണ്ടാകില്ലെന്നുതന്നെയാണ് ധനമന്ത്രി നല്‍കുന്ന സൂചന.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments