മലയാള നാടകവേദികളെയും ചലച്ചിത്ര ലോകത്തെയും ഒരുപോലെ സമ്പന്നമാക്കിയ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. നാടക സിനിമാ താരം സന്ധ്യാ രാജേന്ദ്രന്റെ ഭർത്താവും, നടനും എം.എൽ.എയുമായ മുകേഷിന്റെ സഹോദരി ഭർത്താവുമാണ്.
നാടകരംഗത്ത് നിന്നുമാണ് രാജേന്ദ്രൻ അഭിനയജീവിതം ആരംഭിച്ചത്. ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടിയ അദ്ദേഹം, പിന്നീട് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ടെലിവിഷൻ കോഴ്സും പൂർത്തിയാക്കി. പ്രശസ്ത നാടക ആചാര്യൻ ഒ. മാധവന്റെ മകളുമാണ് ഭാര്യ സന്ധ്യാ രാജേന്ദ്രൻ.
കൊല്ലത്തെ പ്രശസ്തമായ ‘കാളിദാസ കലാകേന്ദ്രം’ എന്ന നാടക ട്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ രാജേന്ദ്രൻ സജീവ സാന്നിധ്യമായിരുന്നു. 1987-ൽ അദ്ദേഹം സംവിധാനം ചെയ്ത നാടകത്തിന് മികച്ച നാടകത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.
1981-ൽ ‘ഗ്രീഷ്മം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും, ഒരു ഇടവേളയ്ക്ക് ശേഷം ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ വീണ്ടും സജീവമായത്. നരസിംഹം, മീശമാധവൻ, പ്രണയവർണ്ണങ്ങൾ, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ തുടങ്ങി അറുപതോളം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അദ്ദേഹം തിളങ്ങി. ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു. കൂടാതെ സംസ്ഥാന ഹോർട്ടികൾച്ചർ കോർപ്പറേഷൻ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൃശൂർ തൃത്തല്ലൂർ സ്വദേശിയായ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് ശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച തൃത്തല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും. നടൻ ദിവ്യദർശൻ മകനാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments