അയർലണ്ടിലെ എല്ലാ പ്രധാന റോഡുകളിൽ നിന്നും ഇന്ധന പ്രതിഷേധക്കാർ പിൻവാങ്ങിയതിനെ തുടർന്ന് ഗതാഗത കുരുക്ക് ഒഴിഞ്ഞതായി നാഷണൽ ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്. സർക്കാർ പ്രഖ്യാപിച്ച 505 മില്യൺ യൂറോ സഹായ പാക്കേജ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ വീണ്ടും പ്രതിഷേധക്കാർ റോഡുകളും, ടൗണുകളും ബ്ലോക്ക് ചെയ്യാൻ ആരംഭിച്ചിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം 3 മണിയോടെ റോഡുകളിലെ പ്രതിഷേധക്കാർ എല്ലാം പിരിഞ്ഞു പോയിരിക്കുകയാണ്.
505 മില്യന്റെ പാക്കേജ് അപര്യാപ്തമാണെന്ന് പ്രതികരിച്ച പ്രതിഷേധക്കാരിൽ ചിലർ, ഗ്രീന്‍ ഡീസലിന് 2.4 സെന്റ് കുറച്ച പ്രഖ്യാപനം അപമാനകരമാണെന്നും, പല സുപ്രധാന സ്ഥലങ്ങളിലും പ്രതിഷേധം തുടരുമെന്നും നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഡബ്ലിനിലെ M3/N3 എന്നീ പാതകളിലടക്കം പ്രതിഷേധം നടക്കുകയും ചെയ്തിരുന്നു.
അതേസമയം പ്രധാന പ്രതിപക്ഷ പാർട്ടിയായ ഷിൻ ഫെയ്ൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ധന വിലക്കയറ്റത്തിന് എതിരായ പ്രതിഷേധത്തെ സർക്കാർ കൈകാര്യം ചെയ്ത രീതി കാരണം ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ഷിൻ ഫെയ്ൻ ആരോപിക്കുന്നത്. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് മറ്റ് പ്രതിപക്ഷ പാർട്ടികളായ സോഷ്യൽ ഡെമോക്രാറ്റ്സ്, ലേബർ, പീപ്പിൾ ബിഫോർ പ്രോഫിറ്റ്, ഇൻഡിപെൻഡന്റ് അയർലൻഡ് എന്നിവരും അറിയിച്ചിട്ടുണ്ട്.
അവിശ്വാസ പ്രമേയം സഖ്യകക്ഷിയായ സ്വതന്ത്രർക്ക് ഒരു വലിയ പരീക്ഷണം തന്നെയാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ഫിയനാ ഫാൾ-ഫിനഗേൽ സഖ്യസർക്കാരിനെ പിന്തുണയ്ക്കുന്ന പല സ്വതന്ത്രരും എങ്ങനെ വോട്ട് ചെയ്യുമെന്ന കാര്യം വ്യക്തമല്ലാത്തതിനാൽ സർക്കാരിന് ഈ പ്രമേയം എളുപ്പത്തിൽ മറികടക്കാൻ സാധിച്ചേക്കില്ല എന്നും കരുതപ്പെടുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments