അയർലണ്ടിൽ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം; മുഖത്തിടിച്ചു, ബാഡ്മിന്റൺ ഉപകരണങ്ങൾ തകർത്തു

By Rose Malayalam Desk

അയർലണ്ടിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം. ഡബ്ലിനിലെ ലൂക്കനിൽ വച്ച് രോഹിത് ജെയിൻ എന്ന ഇന്ത്യൻ വംശജനും, സുഹൃത്തിനും നേരെ കഴിഞ്ഞ ദിവസം ഒരു കൂട്ടം കൗമാരക്കാർ ആക്രമണം നടത്തുകയായിരുന്നു. സുഹൃത്ത് ഇന്ത്യൻ വംശജൻ ആണോ എന്ന് വ്യക്തമല്ല.

സംഭവത്തെ പറ്റി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ രോഹിത് പറയുന്നത് ഇങ്ങനെ:

ഇന്ന് വൈകുന്നേരം ലൂക്കൻ യുണൈറ്റഡ് ഹിൽക്രെസ്റ്റ് ഫീൽഡിൽ വച്ച് അത്യന്തം ഭയാനകമായ ഒരു അനുഭവം എനിക്ക് ഉണ്ടായി. എന്റെ വീടിന് തൊട്ടുമുന്നിൽ വെച്ചാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്.

വൈകുന്നേരം ആറ് മണിയോടെ പാർക്കിൽ ഇരിക്കുകയായിരുന്ന എനിക്കും സുഹൃത്തിനും അടുത്തേക്ക് ഒരു കൂട്ടം കൗമാരക്കാർ എത്തുകയും യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തരാവുകയുമായിരുന്നു. അവർ ഞങ്ങളുടെ ബാഡ്മിന്റൺ ഉപകരണങ്ങൾ പിടിച്ചുവാങ്ങി തകർക്കുകയും എന്റെ മുഖത്ത് ശക്തമായി ഇടിച്ചുകൊണ്ട് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. സ്ഥിതിഗതികൾ കൂടുതൽ വഷളായതോടെ അക്രമികൾ ഞങ്ങളെ പിന്തുടരുകയും ഞങ്ങൾ ഓടി വീടിനുള്ളിൽ കയറാൻ ശ്രമിക്കുകയും ചെയ്തു.

ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ, അവർ ഞങ്ങളുടെ വീടിന്റെ മുൻവാതിലും കാറിന്റെ വാതിലുകളും തുറക്കാൻ ശ്രമിച്ചു എന്നതാണ്. ഈ ആക്രമണത്തെത്തുടർന്ന് ഞങ്ങൾ ഉടൻ തന്നെ ഗാർഡയെ ബന്ധപ്പെട്ടെങ്കിലും രണ്ട് മണിക്കൂറോളം കഴിഞ്ഞിട്ടും ഒരു വാഹനം പോലും സംഭവസ്ഥലത്തേക്ക് അയച്ചിട്ടില്ല എന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ഇത്രയും ഗുരുതരമായ ഒരു സാഹചര്യത്തിൽ ഗാർഡയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ വൈകിയ പ്രതികരണം അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണ്.

ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും ഈ പ്രദേശത്ത് താമസിക്കുന്ന എല്ലാവരുടെയും സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്നും രോഹിത് പറയുന്നു. സ്വന്തം വീടിനുള്ളിൽ പോലും സുരക്ഷിതരല്ലെന്ന തോന്നൽ ആർക്കും ഉണ്ടാകാൻ പാടില്ലാത്തതാണ് എന്ന് പറഞ്ഞ അദ്ദേഹം, ആക്രമികൾക്കെതിരെ ഉടൻ തന്നെ ശക്തമായ നടപടികൾ എടുക്കണമെന്നും, ലൂക്കൻ പ്രദേശത്ത് ഗാർഡ സാന്നിധ്യം വർദ്ധിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. ഇത്തരം സന്ദർഭങ്ങളിൽ ഉടനടി തന്നെ ഗാർഡ സംഭവസ്ഥലത്ത് എത്തുന്ന സാഹചര്യം ഉണ്ടാകണമെന്ന് പറഞ്ഞ രോഹിത്, പ്രദേശത്തെ ജനപ്രതിനിധികൾ ഇതിൽ ഇടപെടണം എന്നും അഭ്യർത്ഥിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments