അയര്‍ലണ്ടില്‍ വേനല്‍ക്കാല അവധി ആരംഭിക്കുന്നതിന് മുന്നോടിയായി ജനങ്ങള്‍ പാസ്‌പോര്‍ട്ടുകള്‍ കൃത്യമാക്കി വയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി വിദേശകാര്യമന്ത്രി ഹെലന്‍ മക്കെന്റീ. അവധിക്കാലമായതിനാല്‍ പലരും വിദേശയാത്രകള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ടാകാം. എന്നാല്‍ കുട്ടികള്‍ക്കും മറ്റും അവസാന നിമിഷം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതും, കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ട് പുതുക്കാന്‍ യാത്രയ്ക്ക് ദിവസങ്ങള്‍ മുമ്പ് മാത്രം അപേക്ഷ നല്‍കുന്നതും യാത്ര വിചാരിച്ചതുപോലെ നടക്കുന്നതിന് വിഘാതം സൃഷ്ടിച്ചേക്കും. അതിനാല്‍ യാത്രകള്‍ക്ക് നേരത്തെ തയ്യാറെടുക്കണമെന്നും, സാധുവായ പാസ്‌പോര്‍ട്ടാണ് കൈയിലുള്ളതെന്ന് ഉറപ്പാക്കണമെന്നും മന്ത്രി മക്കെന്റീ, സഹമന്ത്രിമാരായ തോമസ് ബയേണ്‍, നിയാല്‍ റിച്ച്മണ്ട് എന്നിവര്‍ ഓര്‍മ്മിപ്പിച്ചു.
കുട്ടികളുള്ളവര്‍ അവരുടെ പാസ്‌പോര്‍ട്ടിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും, ഒരു രക്ഷിതാവ് എന്ന നിലയ്ക്ക് കുട്ടികളുമായി യാത്രയ്‌ക്കൊരുങ്ങുന്നത് എത്രത്തോളം തയ്യാറെടുപ്പുകള്‍ വേണ്ടിവരുന്നതാണെന്ന് തനിക്കറിയാമെന്നും മക്കെന്റീ പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് പുറമെ നവജാതശിശുക്കള്‍ മുതല്‍ ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും പാസ്‌പോര്‍ട്ട് ഓണ്‍ലൈന്‍ ഉപയോഗിക്കാമെന്ന് പല രക്ഷിതാക്കള്‍ക്കും അറിയില്ലെന്ന് പറഞ്ഞ മന്ത്രി, അതുവഴി തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
വെറും 10 മിനിറ്റിനകം ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാവുന്നതാണെന്ന് മന്ത്രി ബയേണും വ്യക്തമാക്കി. ഇത് ലോകത്തെവിടെയും ഉപയോഗിക്കാവുന്നതാണ്. നിലവില്‍ പുതിയ പാസ്‌പോര്‍ട്ടിനും, പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുമുള്ളതടക്കം 96% അപേക്ഷകളും ഓണ്‍ലൈന്‍ വഴിയാണ് ലഭിക്കുന്നതെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയ പാസ്‌പോര്‍ട്ട് ലഭിക്കല്‍ എന്നിവ സമയമെടുക്കുന്ന കാര്യമാണ് എന്നതിനാല്‍ നേരത്തെ അപേക്ഷ നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി നിയാല്‍ റിച്ച്മണ്ട് ഓര്‍മ്മിപ്പിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments