ഗോള്‍വേ ഉപതെരഞ്ഞെടുപ്പില്‍ 25-കാരനെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ട് ഫിയനാ ഫാളിന്റെ പുതിയ പുതിയ രാഷ്ട്രീയ നീക്കം. നിലവില്‍ കൗണ്ടി കൗണ്‍സിലറായ കിലിയന്‍ കീനിനെ (Cillian Keane) വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഗോള്‍വേ വെസ്റ്റില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായത് ഞായറാഴ്ച മണ്ഡലത്തില്‍ നടന്ന പാര്‍ട്ടി കണ്‍വെന്‍ഷനിലാണ്.
Oranmore-ലെ Maree സ്വദേശിയാണ് 25 വയസ് മാത്രം പ്രായമുള്ള കീന്‍. യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിനില്‍ നിന്നും ഫുഡ് ആന്‍ഡ് അഗ്രിബിസിനസില്‍ ബിരുദധാരിയായ ഇദ്ദേഹം 2024-ല്‍ ഗോള്‍വേ കൗണ്ടി കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ്.
‘ഭവനം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കും ഞാന്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുക. വരും ആഴ്ചകളില്‍ ഗോള്‍വേയിലെ ജനങ്ങളുമായി സംവദിക്കാനും ഈ തെരഞ്ഞെടുപ്പില്‍ എന്റെ പരമാവധി നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു.’ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് കീന്‍ പറഞ്ഞു.
അതേസമയം ഗോള്‍വേ വെസ്റ്റിലെ ഫിനഗേല്‍ സ്ഥാനാര്‍ത്ഥിയായി ഷോണ്‍ കൈനും (Sean Kyne), ലേബര്‍ സ്ഥാനാര്‍ത്ഥിയായി ഹെലന്‍ ഓഗ്ബുവും (Helen Ogbu), ഷിന്‍ ഫെയ്ന്‍ സ്ഥാനാര്‍ത്ഥിയായി മാര്‍ക്ക് ലോഹനും (Mark Lohan) നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.
മണ്ഡലത്തില്‍ ടിഡിയായിരുന്ന കാതറിന്‍ കോനലി ഒക്ടോബറില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ സീറ്റ് ഒഴിവ് വന്നത്. ഉപതെരഞ്ഞെടുപ്പ് മെയ് 22-ന് നടന്നേക്കുമെന്നാണ് പ്രതീക്ഷ.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments