ഇന്ധനവില വര്‍ദ്ധനവിനെതിരായി റോഡുകള്‍ ഉപരോധിക്കുന്ന പ്രതിഷേധക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍. റോഡുകളില്‍ നിന്നും വാഹനങ്ങള്‍ മാറ്റാന്‍ ഗാര്‍ഡയെ സഹായിക്കുന്നതിനായി പ്രതിരോധ സേനയെ വിന്യസിച്ചേക്കുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗാന്‍ ഇന്ന് രാവിലെ പ്രസ്താവനയില്‍ പറഞ്ഞു. സഞ്ചാരസ്വാതന്ത്ര്യം തടയുകയും, ആശുപത്രിയിലും മറ്റും പോകുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തുകൊണ്ടുള്ള പ്രതിഷേധം തെറ്റാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഇന്നലെ പറഞ്ഞിരുന്നു.
രാജ്യത്തെ സുപ്രധാന റോഡുകളും മറ്റും ബ്ലോക്കാക്കുന്നത് അനുവദിക്കില്ലെന്ന് നീതിന്യായവകുപ്പ് ഇന്ന് രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഗാര്‍ഡയെ സഹായിക്കാനായി പ്രതിരോധസേനയെ വിളിക്കുന്നതിന് നിയമമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
സഹായത്തിന് സൈന്യത്തെ വിളിക്കുന്ന ഫോം സി70 നേരത്തെ ഗാര്‍ഡ സമര്‍പ്പിച്ചിരുന്നു. സൈനികവാഹനങ്ങളെയും ഗാര്‍ഡ ആവശ്യപ്പെട്ടതായാണ് സൂചന.
റോഡുകളും മറ്റും ബ്ലോക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഉടമകള്‍ മാറ്റിയില്ലെങ്കില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മാറ്റുമെന്നും, ഇതിനിടെയുണ്ടാകുന്ന നാശനഷ്ടങ്ങളെ പറ്റി പിന്നീട് പരാതി പറയരുതെന്നും മന്ത്രി ഒ’കല്ലഗാന്‍ പറഞ്ഞു. ഇന്ധനം, ശുദ്ധജലം എന്നിവ ലഭിക്കുന്നത് തടയുന്ന തരത്തിലുള്ള പ്രതിഷേധം അടിസ്ഥാന മനുഷ്യാവകാശലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്ധനവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് The People of Ireland Against Fuel Prices Protest എന്ന സംഘടന രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച ആരംഭിച്ച പ്രതിഷേധം മൂന്നാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments