ഡബ്ലിൻ സാന്ററിയിൽ മുഖംമൂടിയണിഞ്ഞ് ആക്രമവും മോഷണവും ; എം ഫിഫ്റ്റിയിലൂടെയുള്ള സിനിമ സ്റ്റൈൽ ചേസിനൊടുവിൽ പിടികൂടി ഗാർഡ

By Rose Malayalam Desk

സാന്ററി മേഖലയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ മോഷ്ടിച്ച കാറിൽ സഞ്ചരിച്ച മൂന്ന് പേരെ ഗാർഡ അറസ്റ്റ് ചെയ്തു. ഡബ്ലിൻ വിമാനത്താവളത്തിന് സമീപം ആരംഭിച്ച ചേസിങ് എം50 മോട്ടോർവേയിലൂടെ ക്ലോണ്ടാൽകിനടുത്തെത്തിയതോടെയാണ് അവസാനിച്ചത്. ഗാർഡയുടെ ഹെലികോപ്റ്ററും പ്രത്യേക സായുധ സേനയും ഉൾപ്പെടെ രംഗത്തിറങ്ങിയായിരുന്നു ചേസിങ് .

ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.നോർത്ത് ഡബ്ലിനിൽ നടന്നുവരുന്ന നിരവധി ഭവനഭേദനക്കേസുകളെയും സ്വത്തുക്കൾ നശിപ്പിച്ച സംഭവങ്ങളെയും കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പട്രോളിങ് നടത്തുകയായിരുന്ന ഗാർഡ സംഘം, ഡബ്ലിൻ വിമാനത്താവളത്തിന് സമീപമുള്ള നൗൾ റോഡിൽ ഒന്നിലധികം പേർ സഞ്ചരിച്ചിരുന്ന ഫോക്‌സ്‌വാഗൺ ഗോൾഫ് കാർ നിർത്താൻ നിർദേശിച്ചെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ടുപോയതോടെ ഗാർഡ ഗോൾഫ് കാറിനെ ചേസ്ചെയ്യാൻ ആരംഭിച്ചു. തുടർന്ന് ഡബ്ലിൻ മേഖലയിലെ വിവിധ ഗാർഡ യൂണിറ്റുകൾ ഏകോപിപ്പിച്ച് നടത്തിയ നീക്കത്തിൽ പ്രത്യേക സായുധ സേനയുടെയും വ്യോമസഹായ വിഭാഗത്തിന്റെയും പിന്തുണയും തേടി.

എം50 മോട്ടോർവേയിൽ ക്ലോണ്ടാൽകിന് സമീപം കാർ നിർത്തിയതോടെയാണ് ചേസിങ് അവസാനിച്ചത്. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ ഗാർഡ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ടുപേർ ഇരുപതുകളിലുള്ളവരും മൂന്നാമൻ കൗമാരപ്രായത്തിലുള്ളയാളുമാണ്.

സാന്ററി മേഖലയിൽ അടുത്തിടെ നടന്ന മുഖംമൂടിയണഞ്ഞു നടത്തിയ ഒരു ഭവനഭേദനത്തിനിടെ മോഷണം പോയതായി റിപ്പോർട്ട് ചെയ്ത വാഹനമാണ് ഗാർഡ തിരിച്ചുപിടിച്ചത്. വാഹനം വിശദമായ സാങ്കേതിക പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്.

നോർത്ത്ഡബ്ലിനിൽ നടന്നുവരുന്ന മോഷണങ്ങളുമായും സ്വത്ത് നശിപ്പിച്ച സംഭവങ്ങളുമായും അറസ്റ്റിലായവർക്ക് ബന്ധമുണ്ടോയെന്ന് ഗാർഡ അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ മൂന്ന് പേരെയും ക്രിമിനൽ ജസ്റ്റിസ് ആക്ട് 1984-ലെ സെക്ഷൻ 4 പ്രകാരം വടക്കൻ ഡബ്ലിനിലെ ഗാർഡ സ്റ്റേഷനുകളിൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്.സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments