ഇന്ധനവില വര്‍ദ്ധനയ്ക്ക് എതിരായ പ്രതിഷേധത്തിന് പിന്നാലെ ഞായറാഴ്ച കൂടിയ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സഹായങ്ങളും നടപടികളും പ്രഖ്യാപിച്ച് സര്‍ക്കാര്‍. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച പ്രതിഷേധം പലയിടത്തും റോഡുകള്‍ ബ്ലോക്ക് ആകാന്‍ കാരണമാകുകയും, പ്രതിഷേധക്കാരും ഗാര്‍ഡയും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നതിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ ധാരണയാകാതെ പിരിയുക കൂടി ചെയ്തതിന് പിന്നാലെയാണ് ഞായറാഴ്ചയായിരുന്നിട്ടും അപൂര്‍വമായി പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ ഒരുപിടി നടപടികള്‍ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ധനമന്ത്രി സൈമണ്‍ ഹാരിസ്, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ഷോണ്‍ കാനി എന്നിവര്‍ ചേര്‍ന്നാണ് വിലവര്‍ദ്ധനയ്ക്ക് എതിരായ നടപടികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. നേരത്തെ പ്രതീക്ഷിച്ചതിലും അധികമായി 505 ദശലക്ഷം യൂറോ വിലമതിക്കുന്ന സഹായ പാക്കേജുകളാണ് സര്‍ക്കാര്‍ അനാവരണം ചെയ്തിരിക്കുന്നത്. പോയ മാസം വിലവര്‍ദ്ധനവിനെതിരെ പ്രഖ്യാപിച്ച സഹായനടപടികള്‍ക്ക് പുറമെയാണിത്. ഇന്ധനവിലക്കയറ്റം കാരണം വീട്ടുടമസ്ഥര്‍ക്കും ബിസിനസ്സുകള്‍ക്കും മേലുള്ള ആഘാതം ഇനിയും ലഘൂകരിക്കുന്നതിനുള്ള നടപടികളാണ് ഇവയെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്:
- നേരത്തെ തീരുമാനിച്ചിരുന്നത് പോലെ താല്‍ക്കാലികമായി എക്‌സൈസ് തീരുവയും, ഓയില്‍ ലെവികളും കുറയ്ക്കും. കുറഞ്ഞ നികുതിക്കുള്ള കാലപരിധിയായി നേരത്തെ നിശ്ചയിച്ചിരുന്നത് മെയ് 31 ആയിരുന്നെങ്കിലും, ഇത് ജൂലൈ അവസാനം വരെ നീട്ടും.
- നേരത്തെ വരുത്തിയ കുറവുകള്‍ക്ക് പുറമെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടിയില്‍ 10 സെന്റും, മാര്‍ക്ക്ഡ് ഗ്യാസ് ഓയില്‍, ഗ്രീന്‍ ഡീസല്‍ എന്നിവയ്ക്ക് 2.4 സെന്റും കൂടി കുറവ് വരുത്തും. പാര്‍ലമെന്റിന്റെ കൂടി അംഗീകാരം ലഭിച്ച ശേഷം ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
- മെയ് 1 മുതല്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധന, ഒക്ടോബര്‍ മാസത്തെ ബജറ്റ് ദിവസം വരെ നീട്ടിവെച്ചു.
- റോഡ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് സപ്പോര്‍ട്ട് സ്‌കീം എന്ന പേരില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി ഒരു പുതിയ സഹായ പദ്ധതി- ഇത് പ്രകാരം ഏപ്രില്‍, മെയ് മാസങ്ങളില്‍ ഡീസല്‍ വില 1.90 യൂറോയില്‍ കൂടുകയാണെങ്കില്‍ അവര്‍ക്ക് ധനസഹായം നല്‍കും. ഈ സ്‌കീമിന്റെ ആകെ ചിലവ് 40 ദശലക്ഷം യൂറോയാണ്.
വികാരാധീനരായി പ്രതിഷേധക്കാര്‍
അതേസമയം രാജ്യത്തെ പ്രധാന റോഡുകളിലും, ഇന്ധന ഡിപ്പോകള്‍, കോര്‍ക്കിലെ എണ്ണ ശുദ്ധീകരണശാല എന്നിവിടങ്ങളിലുമെല്ലാം പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും, ഇന്ധനവിതരണത്തിന് വാഹനങ്ങള്‍ ലഭിക്കാതെ വന്നത് രാജ്യത്തെ 900-ഓളം ഫ്യുവല്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഒപ്പം റോഡ് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഗാര്‍ഡ നീക്കം ചെയ്യുകയും, പ്രതിഷേധക്കാരില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് പ്രതിഷേധം തുടരുമെന്ന സൂചനയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ മന്ത്രിസഭായോഗം കൂടി സഹായനടപടികള്‍ പ്രഖ്യാപിച്ചതോടെ പ്രതിഷേധക്കാര്‍ പലരും വികാരാധീനരായി. പ്രതിഷേധം ഇനിയും തുടര്‍ന്നാല്‍ പലരുടെയും ബിസിനസുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം പോലും ഉണ്ടാകുമായിരുന്നു എന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വന്നതിന് പിന്നാലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments