കൗണ്ടി കോർക്കിലെ വൈറ്റ് ഗേറ്റിലുള്ള രാജ്യത്തെ ഏക എണ്ണ ശുദ്ധീകരണ ശാലയ്ക്ക് മുന്നിൽ എണ്ണ വിതരണം തടസപ്പെടുത്തുന്ന തരത്തിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് നാല് ബസ് ഗാർഡയെ വിന്യസിച്ച് അധികൃതർ. ഇവിടെ നിന്നും പുറത്തേക്ക് എണ്ണ കൊണ്ടുപോകുന്നത് തടസപ്പെട്ടത്തോടെയാണ് നടപടി എന്നാണ് വിവരം.
അതേസമയം ആളുകൾ നിരനിരയായി റോഡ് ബ്ലോക്ക് ചെയ്ത് ഗാർഡയ്ക്കെതിരെയും ഇവിടെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഗാർഡ പബ്ലിക് ഓർഡർ യൂണിറ്റും സ്ഥലത്തുണ്ട്. ശുദ്ധീകരണ ശാലയ്ക്ക് മുന്നിൽ ബ്ലോക്ക് ചെയ്ത് കിടക്കുന്ന വാഹനങ്ങൾ മാറ്റാൻ സൈന്യത്തിന്റെ വാഹനം എത്തുമെന്നും സൂചന ഉണ്ട്.
ഇതിനു പുറമെ ഗോൾവേ, കൗണ്ടി ലിമറിക്കിലെ Foynes എന്നിവിടങ്ങളിലെ എണ്ണ ഡിപ്പോകൾക്ക് മുന്നിലും പ്രതിഷേധങ്ങൾ നടന്നുവരികയാണ്. ഇതേ തുടർന്ന് ജനങ്ങൾ അവരവർക്ക് ആവശ്യമുള്ള ഇന്ധനം മാത്രമേ വാങ്ങാവൂ എന്ന് National Emergency Coordination Group അഭ്യർത്ഥിച്ചു.
പ്രതിഷേധക്കാരും സർക്കാരും തമ്മിൽ ഇന്നലെ നടന്ന ചർച്ചയിൽ ധാരണയാകാത്തതിനെ തുടർന്ന് റോഡ് തടഞ്ഞുള്ള സമരം ഇന്നും തുടരുകയാണ്. ചർച്ചയിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന എല്ലാ ഗ്രൂപ്പുകളുടെയും പ്രതിനിധികളെ മന്ത്രിമാർ ഉൾപ്പെടുത്താൻ തയ്യാറായില്ല എന്നും ആരോപണമുണ്ട്. ഡബ്ലിനിലെ M50 അടക്കമുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. എണ്ണ എത്തിക്കാൻ സാധിക്കാതെ വന്നതോടെ രാജ്യത്തെ 1,500 ഫ്യുവൽ സ്റ്റേഷനുകളിൽ 600 എണ്ണവും ഇന്ന് അടച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇത് ഇനിയും ഉയരുമെന്നാണ് Fuels for Ireland മേധാവി Kevin McPartlan പറയുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments