ഇന്ധനവില പ്രതിഷേധം: പ്രതിഷേധക്കാരുമായി ഇന്ന് സർക്കാർ ചർച്ച, സ്റ്റോക്ക് ഇല്ലാതെ പലയിടത്തും പമ്പുകൾ അടച്ചിടുന്നു

By Rose Malayalam Desk

രാജ്യത്തെ ഉയര്‍ന്ന ഇന്ധനവിലയ്ക്ക് പരിഹാരം കാണുക എന്ന ആവശ്യവുമായി കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ വഴിയൊരുങ്ങുന്നു. പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായതായും, ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിഷേധക്കാരുടെ പ്രതിനിധികളും, സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കുമെന്നും പ്രതിഷേധം സംഘടിപ്പിച്ചവരില്‍ ഒരാളായ ജെയിംസ് ഗേയ്ഗന്‍ ഐറിഷ് ടൈംസിനോട് പറഞ്ഞു. ഐറിഷ് റോഡ് ഹോളേജ് അസോസിയേഷന്‍, ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയെങ്കിലും പ്രതിഷേധം ഇന്നും മാറ്റമില്ലാതെ തുടരുമെന്നും ഗേയ്ഗന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ പ്രതിഷേധം ഇനിയും വലുതാകുകയേ ഉള്ളൂവെന്ന് സംഘാടകരും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചിരുന്നു.

അതേസമയം വാഹനങ്ങള്‍ നിരനിരയായി നിര്‍ത്തി പ്രധാന പാതകളിലൂടെ പതിയെ നീങ്ങുന്ന രീതിയില്‍ ചൊവ്വാഴ്ച ആരംഭിച്ച പ്രതിഷേധം വ്യാഴാഴ്ചയും എം1, എം50 റോഡുകളിലടക്കം രാജ്യത്ത് പലയിടത്തും വലിയ ഗതാഗതക്കുരുക്കിന് കാരണമായി. ഡബ്ലിനിലെ ഒ’കോണല്‍ സ്ട്രീറ്റ്, രാജ്യത്തെ ഏക ഓയില്‍ റിഫൈനറിയായ കൗണ്ടി കോര്‍ക്കിലെ ഇര്‍വിങ് ഓയില്‍ വൈറ്റ്‌ഗേറ്റ് എന്നിവിടങ്ങളിലും വാഹനങ്ങള്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.

പലയിടത്തും പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനെത്തുടര്‍ന്ന് ഡെലിവറി സാധ്യമാകാതെ വന്നതോടെ സ്‌റ്റോക്ക് തീരുകയോ, വില്‍പ്പനയ്ക്ക് പമ്പ് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തു. മണ്‍സ്റ്ററിലെ 40 പമ്പുകളാണ് ഇത്തരത്തില്‍ സ്റ്റോക്ക് തീര്‍ന്നതുകാരണം അടച്ചിടേണ്ടി വന്നത്. അതുപോലെ കില്‍ക്കെന്നിയിലെ ഭൂരിഭാഗം പമ്പുകളും പെട്രോള്‍, ഡീസല്‍ എന്നിവ സ്‌റ്റോക്ക് ഇല്ലാതെ വന്നതോടെ ഇന്നലെ അടച്ചിട്ടു. അതേസമയം മറ്റ് ചില പമ്പുകളില്‍ പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഡെലിവറി നടത്താനും സാധിച്ചിട്ടുണ്ട്.

ഈ രീതിയിലുള്ള പ്രതിഷേധം പരിധി കടന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഇന്നലെയും ആവര്‍ത്തിച്ചു. ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ് ഇതിലൂടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡുകള്‍ ബ്ലോക്ക് ചെയ്താല്‍ വാഹനങ്ങള്‍ മാറ്റുന്നതിന് ഗാര്‍ഡയെ സഹായിക്കാനായി ആവശ്യമെങ്കില്‍ സൈന്യത്തെ വിളിക്കുമെന്ന് നീതിന്യായവകുപ്പ് കഴിഞ്ഞദിവസം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സുപ്രധാന കേന്ദ്രങ്ങള്‍ക്ക് മുമ്പില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചാല്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഗാര്‍ഡയും, എപ്പോള്‍ ആവശ്യപ്പെട്ടാലും സഹായത്തിനെത്താന്‍ തയ്യാറാണെന്ന് സൈന്യവും അറിയിച്ചിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments