ഇന്ധനവില പ്രതിഷേധം: ചർച്ചകൾ ഫലം കണ്ടില്ല, ഓയിൽ റിഫൈനറിക്ക് മുന്നിലെ പ്രതിഷേധക്കാർ അറസ്റ്റിൽ

By Rose Malayalam Desk

രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരായ പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലും പ്രതിഷേധക്കാരും, സര്‍ക്കാരും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചയും ധാരണയാകാതെ പിരിഞ്ഞു. പ്രതിഷേധക്കാരുടെ പ്രതിനിധികളും, ഗതാഗതമന്ത്രി ഡാര ഒ’ബ്രിയന്‍, സഹമന്ത്രി ഷോണ്‍ കാനി എന്നിവരും തമ്മില്‍ വെള്ളിയാഴ്ചയും, ശനിയാഴ്ചയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ധാരണയിലെത്താന്‍ സാധിക്കാതെ വന്നിരിക്കുകയാണ്. ഐറിഷ് റോഡ് ഹോളേജ് അസോസിയേഷന്‍ (IRHA), ഫ്രെയ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട്, കോച്ച് ടൂറിസം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് മുതലായ സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതിന് പുറമെ കാര്‍ഷിക വകുപ്പും, കൃഷിക്കാരുടെ സംഘടനകളും തമ്മിലും സമാന്തരമായി ഓണ്‍ലൈന്‍ വഴി ചര്‍ച്ചകള്‍ നടന്നിരുന്നു.

അതേസമയം സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് എത്തിയ സംഘടനകളല്ല നിലവിലെ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തത് എന്നതാണ് വസ്തുത. ‘പീപ്പിള്‍ ഓഫ് അയര്‍ലണ്ട് എഗൈന്‍സ്റ്റ് ഫ്യുവല്‍ പ്രൈസസ്’ എന്ന ഒരു സംഘമാണ് പ്രതിഷേധം ആഹ്വാനം ചെയ്തത് പിന്നില്‍. പിന്നീട് വിവിധ സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കുചേരുകയായിരുന്നു. പല പ്രതിഷേധസംഘടനകളും തങ്ങളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നില്ല എന്ന് പരാതിയുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

വിഷയത്തില്‍ ഇന്ന് മന്ത്രിസഭായോഗം കൂടുന്നുണ്ട്.

വാഹനങ്ങള്‍ നിരനിരയായി റോഡുകളിലൂടെ മെല്ലെ നീങ്ങുക, പ്രധാന റോഡുകള്‍, തെരുവുകള്‍, ഫ്യുവല്‍ സ്റ്റേഷനുകള്‍, ഡിപ്പോകള്‍, ഓയില്‍ റിഫൈനറി എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഗതാഗതതടസ്സം സൃഷ്ടിക്കുക എന്നിങ്ങനെയാണ് പ്രതിഷേധം നടന്നുവരുന്നത്. രാജ്യത്തെ പ്രധാന തുഖമുഖമായ റോസ്ലെയര്‍ യൂറോപോര്‍ട്ടിലേയ്ക്കുള്ള റോഡ് തടഞ്ഞും പ്രതിഷേധം നടന്നിരുന്നു. വിതരണത്തിന് വാഹനങ്ങള്‍ ലഭിക്കാതെവന്നതും, റോഡ് ബ്ലോക്ക് ആയത് കാരണവും ഇന്ധനമെത്തിക്കാന്‍ സാധിക്കാതെ വന്നതോടെ 600-ഓളം ഫ്യുവല്‍ സ്റ്റേഷനുകള്‍ സ്‌റ്റോക്ക് തീര്‍ന്ന് അടച്ചിടേണ്ടിവന്നിട്ടുമുണ്ട്. രാജ്യത്തെ ഏകദേശം 1,500 ഫ്യുവല്‍ സ്റ്റേഷനുകളാണ് ആകെയുള്ളത്.

രാജ്യത്തെ ഏക എണ്ണ ശുദ്ധീകരണശാലയായ കോര്‍ക്ക് കൗണ്ടിയിലെ ഇര്‍വിങ് ഓയില്‍ വൈറ്റ്‌ഗേറ്റ് റിഫൈനറിയുടെ ഗേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പ്രതിഷേധക്കാരുടെ വാഹനങ്ങള്‍ ഗാര്‍ഡ ഇന്നലെ ഇടപെട്ട് മാറ്റി. പ്രതിഷേധക്കാരുമായുള്ള സംഘര്‍ഷത്തിനിടെ ഗാര്‍ഡ പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കുകയും, ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്.

ഇതുവരെയും ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ ഇന്നും തുടരാനാണ് സാധ്യത.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments