അയർലണ്ടിൽ പൊതുസേവനങ്ങൾക്കായി ഇനി ഡിജിറ്റൽ വാലറ്റ്; എന്താണ് ഇത്? ഉപയോഗം എന്തെല്ലാം?

By Rose Malayalam Desk

അയര്‍ലണ്ടില്‍ പുതുതായി അവതരിപ്പിക്കാനിരിക്കുന്ന ഡിജിറ്റല്‍ വാലറ്റ് ആപ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍. ബര്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍ പോലുള്ള സുപ്രധാന രേഖകള്‍ ഓണ്‍ലൈനില്‍ സൂക്ഷിക്കുകയും, സര്‍ക്കാര്‍ ധനസഹായം പോലുള്ള സേവനങ്ങള്‍ക്ക് അവ ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ വാലറ്റ്. ഇന്ത്യയില്‍ നേരത്തെ തന്നെ ഇത്തരമൊരു സംവിധാനം നിലവിലുണ്ട്. 16 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ പ്രായം വ്യക്തമാക്കുന്നതിനുള്ള രേഖയ്ക്ക് വേണ്ടിയും ഡിജിറ്റല്‍ വാലറ്റ് ഉപയോഗിക്കാമെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് നേരത്തെ പറഞ്ഞിരുന്നു.

പൊതുസേവനങ്ങള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെയും, സ്വകാര്യസേവനങ്ങള്‍ക്ക് 2027 അവസാനത്തോടെയും ഡിജിറ്റല്‍ വാലറ്റ് ഉപയോഗപ്പെടുത്താന്‍ നിയമപ്രകാരവും, ഇയു നിയന്ത്രണപ്രകാരവും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

ഇതിന്റെ ഭാഗമായി വാലറ്റിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യഘട്ട ഉപയോഗം കഴിഞ്ഞയാഴ്ച ആരംഭിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് വാലറ്റിന്റെ ഡിസൈന്‍ കാണുക, ഫീച്ചറുകള്‍ ഏതെല്ലാമാണെന്ന് മനസിലാക്കുക, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നിവ ചെയ്യാവുന്നതാണ്.

വാലറ്റ് ടെസ്റ്റ് ചെയ്തുനോക്കാനായി ആദ്യം സൈന്‍ അപ്പ് ചെയ്യണം. gov.ie/DigitalWallet വഴി ഇത് ചെയ്യാം.

രണ്ടാം ഘട്ടത്തില്‍ 16 വയസിനും അതിന് മുകളിലും ഉള്ളവര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഏതാനും ചില ഫീച്ചറുകള്‍ ഉപയോഗിച്ച് നോക്കാവുന്നതാണ്.

വ്യക്തിവിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുക, സേവനങ്ങള്‍ക്ക് അപേക്ഷിക്കുക എന്നിവയെല്ലാം ഡിജിറ്റല്‍ വാലറ്റ് സൗകര്യത്തോടെ എളുപ്പമാകുമെന്ന് പൊതുസേവന പരിഷ്‌കരണവകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സ് പറഞ്ഞു. ഓരോ സേവനത്തിനും ആവശ്യമായ വിവരങ്ങള്‍ മാത്രമേ വാലറ്റ് വഴി ഷെയര്‍ ചെയ്യപ്പെടുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേപ്പര്‍ വര്‍ക്കുകള്‍ പരമാവധി കുറയ്ക്കാനും വാലറ്റ് ഉപകാരപ്പെടും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments