HSE സ്റ്റാഫിനു അധികമായി നൽകിയത് 30 മില്യൺ യൂറോ; തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി

By Rose Malayalam Desk

അയർലൻഡ് ആരോഗ്യസേവന വിഭാഗമായ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) ജീവനക്കാർക്ക് അർഹതപ്പെട്ടതിലധികം നൽകിയ 30 മില്യൺ യൂറോയിലധികം തിരിച്ചുപിടിക്കാൻ നടപടി ആരംഭിച്ചു. മൂന്ന് വർഷത്തിനിടെ ആയിരക്കണക്കിന് ജീവനക്കാർക്ക് തെറ്റായി അധിക തുക നൽകിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ ശമ്പളവിതരണ സംവിധാനത്തിലെ പിഴവുകളും ഭരണപരമായ വീഴ്ചകളും പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോർട്ടുകൾ പ്രകാരം, 2023 മുതൽ 2025 വരെയുള്ള കാലയളവിലാണ് വൻതോതിലുള്ള അധിക പേയ്‌മെന്റുകൾ കണ്ടെത്തിയത്. ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തുന്നതിലുണ്ടായ പിഴവുകൾ, അവധിവിവരങ്ങൾ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യാത്തത്, ജോലി അവസാനിപ്പിച്ച ജീവനക്കാരെ സമയബന്ധിതമായി പേറോൾ സംവിധാനത്തിൽനിന്ന് നീക്കം ചെയ്യാത്തത് തുടങ്ങിയവയാണ് അധിക തുക വിതരണം ചെയ്യാൻ ഇടയാക്കിയ കാരണങ്ങളിൽ ചിലത്.

2025-ൽ മാത്രം 3,242 ജീവനക്കാർക്ക് അർഹതപ്പെട്ടതിലധികം പണം ലഭിച്ചതായാണ് റിപ്പോർട്ട്. ഇതേ വർഷം അധികമായി നൽകിയ തുകയിൽ 5.16 മില്യൺ യൂറോയോളം തിരിച്ചുപിടിക്കാനും HSE-യ്ക്ക് സാധിച്ചു. എന്നാൽ, വർഷാവസാനത്തിലും ദശലക്ഷക്കണക്കിന് യൂറോ തിരിച്ചുപിടിക്കാനുണ്ടായിരുന്നു.

അധിക പേയ്‌മെന്റുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാരെ അറിയിച്ച് തുക തിരിച്ചടയ്ക്കുന്നതിനുള്ള നടപടികളാണ് HSE സ്വീകരിക്കുന്നത്. തിരിച്ചടവിന്റെ രീതിയും വ്യവസ്ഥകളും സംബന്ധിച്ച് ജീവനക്കാരുമായി ചർച്ച നടത്തും. അധികമായി തുക അക്കൗണ്ടിൽ വന്ന ചില മലയാളി ജീവനക്കാർ ഉൾപ്പെടെ ഉൾപ്പെടെയുള്ള നിരവധി ആളുകളെ എച്ച് എസ് സി ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധിക തുക ക്രെഡിറ്റ് ആയത് ജീവനക്കാരുടെ ഭാഗത്തുള്ള വീഴ്ച അല്ലാത്തതുകൊണ്ട് തന്നെ തുക തിരികെ നൽകാനുള്ള സാവകാശം എച്ച് എസ് ഇ ജീവനക്കാർക്ക് നൽകുന്നുണ്ട്.

പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആരോഗ്യസേവന സംവിധാനത്തിൽ ശമ്പളവിതരണത്തിലെ കൃത്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും സംഭവത്തോടെ വീണ്ടും ചർച്ചയാകുകയാണ്. ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാനും അധികമായി നൽകിയ തുക തിരിച്ചുപിടിക്കാനുമുള്ള നടപടികൾക്കാണ് HSE മുൻഗണന നൽകുന്നത്.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments