2024-ല്‍ ഐറിഷ് പൗരത്വം ലഭിച്ചവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍. ആ വര്‍ഷം ആകെ പൗരത്വം ലഭിച്ച 24,000-ലധികം പേരില്‍ 3,946 പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
2024-ല്‍ ഐറിഷ് പൗരത്വം ലഭിക്കുന്ന വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. 2023-നെ അപേക്ഷിച്ച് 2024-ല്‍ ഐറിഷ് പൗരത്വം ലഭിക്കുന്ന വിദേശികളുടെ എണ്ണത്തില്‍ 32 ശതമാനത്തിന്റെ വര്‍ദ്ധവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ദ്ധനവുമാണിത്. ഈയടുത്ത കാലത്ത് 2014-ലാണ് രാജ്യം ഏറ്റവുമധികം പേര്‍ക്ക് പൗരത്വം നല്‍കിയത്. ആ വര്‍ഷം 21,104 പേരാണ് ഐറിഷ് പൗരത്വം സ്വീകരിച്ചത്.
2024-ല്‍ ആകെ 24,000-ലധികം വിദേശികളാണ് ഐറിഷ് പൗരത്വം സ്വീകരിച്ചതെന്ന് യൂറോപ്യന്‍ കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-നെക്കാള്‍ 5,800 പേര്‍ക്ക് 2024-ല്‍ അധികമായി പൗരത്വം നല്‍കി.
ഇന്ത്യ കഴിഞ്ഞാല്‍ 2024-ല്‍ ഐറിഷ് പൗരത്വം സ്വീകരിച്ചവരില്‍ ഏറ്റവുമധികം പേര്‍ ബ്രസീലില്‍ നിന്നുമാണ്- 1,708. ബ്രിട്ടന്‍ (1,541), റൊമാനിയ (1,354), നൈജീരിയ (1,235) എന്നിവയാണ് പിന്നാലെ. ഫിലിപ്പൈന്‍സ്, പോളണ്ട്, ചൈന, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും നിരവധി പേര്‍ 2024-ല്‍ ഐറിഷ് പൗരത്വം നേടിയിട്ടുണ്ട്.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ അഞ്ച് വര്‍ഷമെങ്കിലും അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയ വിദേശികള്‍ക്ക് ഐറിഷ് പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. ഐറിഷ് പൗരത്വം ഉള്ള ഒരാളെ വിവാഹം കഴിച്ചയാളോ, അഭയാര്‍ത്ഥി പദവി ലഭിച്ചയാളോ ആണെങ്കില്‍ മൂന്ന് വര്‍ഷം താമസിച്ചാലും മതി. ഇതിനൊപ്പം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കല്‍ അടക്കമുള്ള മറ്റ് മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments