അയർലണ്ടിലെ ബ്ലഡ് സ്റ്റോക്ക് അപകടകരമാംവിധം താഴ്ന്ന നിലയിൽ; രക്തദാനം നടത്താൻ അഭ്യർത്ഥനയുമായി അധികൃതർ

By Rose Malayalam Desk

അയര്‍ലണ്ടിലെ ബ്ലഡ് സ്റ്റോക്ക് അപകടരമാം വിധത്തില്‍ കുറഞ്ഞതിനെത്തുടര്‍ന്ന് രക്തദാനം നടത്താന്‍ അഭ്യര്‍ത്ഥനയുമായി Irish Blood Transfusion Service (IBTS). വെറും രണ്ട് ദിവസത്തേയ്ക്കുള്ള ഒ പോസിറ്റീവ് ബ്ലഡ്ഡും, മറ്റ് ചില ഗ്രൂപ്പുകളുടെ മൂന്ന് ദിവസത്തേയ്ക്കുള്ള ബ്ലഡ്ഡും മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. സാധാരണഗതിയില്‍ എല്ലാ ഗ്രൂപ്പ് ബ്ലഡ്ഡുകളുടെയും ഒരാഴ്ചത്തേയ്ക്കുള്ള സ്റ്റോക്ക് ഉണ്ടാകേണ്ടതുണ്ട്.

ഈയിടെയായി പ്രത്യേകിച്ചും മാര്‍ച്ചില്‍ ആശുപത്രികള്‍ക്ക് വലിയ രീതിയില്‍ രക്തം ആവശ്യമായി വന്നിരുന്നതായി IBTS ഡയറക്ടര്‍ ഫോര്‍ പ്രൊഡക്ഷന്‍ ആന്‍ഡ് ഹോസ്പിറ്റല്‍ സര്‍വീസസ് ബാരി ഡോയ്ല്‍ പറഞ്ഞു. ഇതിന് പുറമെ സെന്റ് പാട്രിക്‌സ് ഡേ, ഈസ്റ്റര്‍ ഹോളിഡേകള്‍ കാരണം ദാതാക്കള്‍ പലരും ലഭ്യമാകാതെ വന്നതും സ്‌റ്റോക്ക് കുറയാന്‍ ഇടയാക്കി. ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളിലെ സ്ഥിരം സെന്ററുകളില്‍ പതിവ് പോലെ ദാതാക്കളുടെ തിരക്ക് ഉണ്ടാകുന്നില്ല എന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ബ്ലഡ് ഡൊണേഷനായി നിലവിലുള്ള ക്ലിനിക്കുകള്‍ കൂടാതെ അഞ്ചെണ്ണം കൂടി ഏപ്രില്‍ 12 ഞായറാഴ്ചത്തേയ്ക്ക് സജ്ജീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഡോയ്ല്‍, ജനങ്ങള്‍ രക്തം ദാനം ചെയ്യാന്‍ തയ്യാറാകണമെന്നും അഭ്യര്‍ത്ഥിച്ചു. മെയ് മാസത്തിലെ ബാങ്ക് ഹോളിഡേയ്ക്ക് മുമ്പായി എല്ലാ ഗ്രൂപ്പുകളില്‍ നിന്നും ആഴ്ചയില്‍ 500 ഡൊണേഷന്‍ വീതം ലഭിക്കാനാണ് IBTS ലക്ഷ്യമിടുന്നത്. എന്നാല്‍ മാത്രമേ ഡിമാന്‍ഡിനൊപ്പമെത്താന്‍ സാധിക്കുകയുള്ളൂ.

ബ്ലഡ് ഡൊണേഷന് ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴിയോ, 1800 731 137 എന്ന നമ്പറില്‍ വിളിച്ചോ അപ്പോയിന്റ്‌മെന്റ് എടുത്ത് ഡൊണേഷന്‍ നടത്താവുന്നതാണ്. അല്‍പ്പം കാത്തുനിന്നാലും കുഴപ്പമില്ലാത്തവര്‍ക്ക് ബുക്ക് ചെയ്യാതെ തങ്ങളുടെ പ്രദേശങ്ങളിലെ ക്ലിനിക്കുകളില്‍ നേരിട്ടെത്തിയും ബ്ലഡ് നല്‍കാം.

പുതുതായി ബ്ലഡ് കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ IBTS വെബ്‌സൈറ്റില്‍ (https://www.giveblood.ie/become-a-donor/) കയറി യോഗ്യത ഉറപ്പാക്കണം. ശേഷം 1800 731 137 എന്ന നമ്പറില്‍ വിളിച്ച് അപ്പോയിന്റ്‌മെന്റ് എടുക്കണം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments