ആശുപത്രികളിലെ പ്രശ്നം പരിഹരിക്കാൻ പുതുതായി 5,000 ബെഡ്ഡുകൾ കൂടി വേണം: ഐഎംഒ പ്രസിഡന്റ്

By Rose Malayalam Desk

രാജ്യത്തെ ആശുപത്രികളിലുള്ള ബെഡ്ഡുകളുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായി 5,000 ബെഡ്ഡുകള്‍ കൂടി വേണ്ടിവരുമെന്ന് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്റെ (IMO) പുതിയ പ്രസിഡന്റ് പ്രൊഫ. മാത്യു സാഡ്‌ലയര്‍. പ്രായമാകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 5,000 ബെഡ്ഡുകള്‍ കൂടി അധികമായി സൃഷ്ടിക്കേണ്ടിവരുമെന്നാണ് സാഡ്‌ലയര്‍ പറയുന്നത്.

ഇത്രയും ബെഡ്ഡുകള്‍ എന്നത് വലിയൊരു എണ്ണം തന്നെയാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും, അയര്‍ലണ്ടിന് അത് ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് അയര്‍ലണ്ടിലെ ജനസംഖ്യ പലവിധത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതാണ്. വലിയ രീതിയില്‍ ആളുകള്‍ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ക്കുക അടക്കം നിരവധി ഘടകങ്ങള്‍ ഇതിനുപിന്നിലുണ്ട് എന്നും സാഡ്‌ലയര്‍ പറയുന്നു. നിലവില്‍ നമ്മള്‍ ഇതെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിലവില്‍ രാജ്യത്ത് 65 വയസിന് മേല്‍ പ്രായമുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്ന് സാഡ്‌ലയര്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ ഇവര്‍ക്ക് ആശുപത്രിവാസം വേണ്ടിവരുമ്പോള്‍ കൂടുതല്‍ ബെഡ്ഡുകളും ആവശ്യമായി വരും. ഇതിനായി സര്‍ക്കാരിന് ഏകീകരിച്ച ഒരു പദ്ധതി വേണമെന്നും ഈയിടെയായി Rotunda Hospital വിപുലീകരിക്കാനുള്ള പ്ലാനിങ് പെര്‍മിഷന് അനുമതി നിഷേധിച്ച കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് സാഡ്‌ലയര്‍ പറഞ്ഞു. ഏകീകരണത്തോടെയല്ല പദ്ധതി നടപ്പിലാക്കുന്നതെങ്കില്‍ ഒരേ സര്‍ക്കാരിലെ തന്നെ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതി രൂപീകരിക്കുകയും, മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതിയുടെ അനുമതി റദ്ദാക്കുകയും ചെയ്യുന്ന സ്ഥിതി വരും എന്ന് അദ്ദേഹം വിശദീകരിച്ചു.

രാജ്യത്ത് പലയിടത്തും ഒരേ ആശുപത്രിയില്‍ തന്നെ എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കാത്ത സാഹചര്യമുള്ളതും സാഡ്‌ലയര്‍ പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഓരോ രോഗത്തിനും വെവ്വേറെ ആശുപത്രികളില്‍ പോകേണ്ടി വരുന്നത് ചികിത്സ കാര്യക്ഷമമല്ലാതാകാന്‍ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments