“ഈ രാജ്യത്തെ ചലിപ്പിക്കുന്നത് ഞങ്ങളാണ്”: ഇന്ധന പ്രതിസന്ധിക്ക് പരിഹാരം തേടി ട്രക്ക് ഉടമകൾ

By Rose Malayalam Desk

നിലവിലെ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പതിവ് രീതികൾക്ക് പുറമെ പുതിയ വഴികൾ കണ്ടെത്തണമെന്ന ആവശ്യവുമായി Irish Road Haulage Association (IRHA). ഇന്ധനവില കുറയ്ക്കുന്നതിനായി സർക്കാർ നേരത്തെ സ്വീകരിച്ച താൽക്കാലിക നടപടികളുടെ ഗുണം, പിന്നീട് ഉണ്ടായ വിലവർദ്ധനവോടെ ഇല്ലാതായെന്ന് അസോസിയേഷൻ പ്രസിഡന്റ് ജെർ ഹൈലാൻഡ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അയർലണ്ടിലെ വാഹന ഉടമകൾ ഒരാഴ്ച മുമ്പ് ഉണ്ടായിരുന്ന അതേ പ്രതിസന്ധിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മധ്യേഷ്യയിലെ യുദ്ധസാഹചര്യം അവസാനിക്കുകയാണ് ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെങ്കിലും, ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന രാജ്യത്തെ സഹായിക്കാൻ ഇന്ധനവിലയിൽ പരിധി നിശ്ചയിക്കുന്നത് (Price cap) പോലുള്ള കടുത്ത നടപടികൾ സർക്കാർ ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാർബൺ ടാക്സ് താൽക്കാലികമായി നിർത്തലാക്കാനുള്ള സമയമാണിതെന്നും ഹൈലാൻഡ് പറഞ്ഞു.

“ഞങ്ങളുടെ വ്യവസായത്തെ പിന്തുണയ്ക്കാൻ എന്താണോ ചെയ്യേണ്ടത് അത് സർക്കാർ ചെയ്യണം. കാരണം ഈ രാജ്യത്തെ ചലിപ്പിക്കുന്നത് ഞങ്ങളാണ്. പ്രതിസന്ധി തീരുന്നത് വരെ ഇന്ധനവിലയ്ക്ക് ഒരു പരിധി നിശ്ചയിക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കണം,” അദ്ദേഹം പറഞ്ഞു.

അതേസമയം, മധ്യേഷ്യയിലെ യുദ്ധം കാരണം എണ്ണ, ഗ്യാസ്, വളം എന്നിവയുടെ വിതരണം തടസ്സപ്പെടുന്നത് ലോകമെമ്പാടും വിലവർദ്ധനവിനും സാമ്പത്തിക മാന്ദ്യത്തിനും കാരണമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകി. ഊർജ്ജ-ഭക്ഷ്യ വിലകളിലെ വർദ്ധനവ് ഈ വർഷം ആഗോള സാമ്പത്തിക വളർച്ചയെ തളർത്തുകയും സമ്പദ്‌വ്യവസ്ഥയിൽ ദീർഘകാല ആഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും വാഷിംഗ്ടൺ ആസ്ഥാനമായുള്ള സംഘടന വ്യക്തമാക്കി. ഇറാൻ സമാധാന കരാറിൽ എത്തിയില്ലെങ്കിൽ അവിടുത്തെ ഊർജ്ജ മേഖലയെ പൂർണ്ണമായും തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഐ.എം.എഫിന്റെ മുന്നറിയിപ്പ് പുറത്തുവന്നത്.

അതേസമയം ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിൽ മാർച്ച് മാസത്തിൽ മാത്രം ഊർജ്ജ വിലയിൽ 11% ആണ് വർദ്ധനവുണ്ടായത്. ഒപ്പം ഫെബ്രുവരി വരെയുള്ള ഒരു വർഷത്തിനിടെ 2.5 ശതമാനമായിരുന്ന പണപ്പെരുപ്പം മാർച്ചിൽ 3.6 ശതമാനമായി ഉയരുകയും ചെയ്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments