Co Offaly- യിൽ വീടിന് തീപിടുത്തം: ഒരാൾ മരിച്ചു

By Rose Malayalam Desk

Co Offaly- യിലെ Edenderry-ൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ Edenderry-ലെ കാസിൽവ്യൂ പാർക്കിലുള്ള ഒരു വീടിനാണ് തീപിടിച്ചത്. പ്രദേശവാസിയായ ക്രിസ്റ്റി ഹോൾട്ട് എന്നയാളാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം കഴിഞ്ഞ ഡിസംബർ ആറിന് ഇതേ വീട്ടിലുണ്ടായ ആസൂത്രിതമായ മറ്റൊരു തീപിടുത്തത്തിൽ മരിച്ച മേരി ഹോൾട്ടിന്റെ സഹോദരനാണ് ഇപ്പോൾ മരിച്ച ക്രിസ്റ്റി ഹോൾട്ട്. അന്നത്തെ തീപിടിത്തത്തിൽ മേരി ഹോൾട്ടിനൊപ്പം ബന്ധുവായ നാല് വയസ്സുകാരൻ ടാഡ് ഫാരെലും കൊല്ലപ്പെട്ടിരുന്നു. കൂടാതെ ക്രിസ്റ്റിയുടെ മറ്റൊരു സഹോദരിക്ക് അന്ന് ഗുരുതരമായി പൊള്ളലേൽക്കുകയും ദീർഘകാലം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തു. അന്ന് വീടിന് തീയിട്ട സംഭവത്തിൽ അറസ്റ്റിലായ ചെറുപ്പക്കാരൻ വിചാരണ നേരിട്ടുവരികയാണ്.

ഡിസംബറിലെ ദുരന്തത്തിന് ശേഷം വലിയ നാശനഷ്ടങ്ങൾ സംഭവിച്ച വീട് അടച്ചുപൂട്ടിയിരിക്കുകയായിരുന്നെങ്കിലുംഅടുത്ത കാലത്തായി ബന്ധുക്കൾ അവിടെ താമസം തുടങ്ങിയിരുന്നതായി പറയപ്പെടുന്നു. തീ അണയ്ക്കാൻ എമർജൻസി സർവീസുകൾ എത്തിയപ്പോഴാണ് ക്രിസ്റ്റിയുടെ മൃതദേഹം കണ്ടെത്തിയത്.
മരണകാരണം വ്യക്തമാക്കുന്നതിനായി ബുധനാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കും.

തീപിടിത്തത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏതെങ്കിലും സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ഗാർഡയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു:
Tullamore Garda Station – 057 932 7600
Garda Confidential Line – 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments