Meath-ൽ 20 വർഷം പ്രായമുള്ള ഗോൾഡ്ഫിഷുകൾ; അപൂർവമെന്ന് ഡോക്ടർ

By Rose Malayalam Desk

Meath-ല്‍ 20 വര്‍ഷത്തിലേറെയായി ബാരലില്‍ ജീവിക്കുന്ന ഗോള്‍ഫിഷുകള്‍ അത്ഭുതമാകുന്നു. 20 വര്‍ഷം മുമ്പ് Donore-യിലെ St Mary’s GAA Club നടത്തിയ ധനസമാഹരണ പരിപാടിയിലാണ് Michael എന്ന കുട്ടിക്ക് 12 ഗോള്‍ഡ് ഫിഷുകളെ സമ്മാനമായി ലഭിച്ചത്. ഇതില്‍ രണ്ടെണ്ണമാണ് ഇപ്പോഴും ജീവനോടെയുള്ളത്. ഒരു ബാരലില്‍ ഇട്ടുവച്ചിരിക്കുന്ന ഇവ ശക്തമായ ചൂടിനെയും, തണുപ്പിനെയും അതിജീവിക്കുകയും, പൂച്ചകള്‍ക്കോ, പക്ഷികള്‍ക്കോ ഇരയാകാതെ രക്ഷപ്പെടുകയും ചെയ്തു.

ഇത്രയും കാലം മീനുകള്‍ എങ്ങനെ അതിജീവിച്ചുവെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മൈക്കലിന്റെ അമ്മയായ ഡയാന എവറാര്‍ഡ് പറയുന്നു. മീനുകള്‍ക്ക് പേരുകള്‍ ഇട്ടിരുന്നെങ്കിലും അവയൊന്നും ഇപ്പോള്‍ ഓര്‍മ്മയില്ലെന്നും, അയര്‍ലണ്ടിലെ ഏറ്റവും പ്രായമുള്ള ഗോള്‍ഡ് ഫിഷുകള്‍ ഇവയാണോ എന്ന് അറിയില്ലെങ്കിലും ആദ്യ മൂന്നില്‍ ഇവ കാണുമെന്നും ഡയാന പറയുന്നു. ഇവരുടെ മൂന്ന് മക്കളും സ്‌കൂളില്‍ പഠിക്കുമ്പോഴാണ് മീനുകളെ സമ്മാനമായി ലഭിച്ചത്. വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവായ പാറ്റ് ആണ് ഒരു വലിയ ബാരല്‍ പകുതിയായി മുറിച്ച് വെള്ളമൊഴിച്ച് മീനുകളെ അതിലിട്ടത്. ഇത്രയും കാലം മീനുകള്‍ അവിടെ കിടക്കുകയായിരുന്നു.

ബാരലിന് മുകളില്‍ ടൈല്‍സ് കൊണ്ട് ഒരു പാലം നിര്‍മ്മിച്ചിട്ടുണ്ട്. അതിനടിയിലാണ് വെയിലില്‍ നിന്നും മീനുകള്‍ സംരക്ഷണം തേടുന്നത്. പാറ്റ് ബാരല്‍ സ്ഥിരമായി വൃത്തിയാക്കാറുമുണ്ട്. പൂച്ചകളും മറ്റും പിടിക്കാതിരിക്കാനായി ബാരലിന് മേല്‍ വലയും ഇടുന്നുണ്ട്. ശക്തമായ തണുപ്പില്‍ വെള്ളം കട്ടപിടിച്ചപ്പോഴും മീനുകള്‍ അതിന് കീഴെ ഒഴുകി നടന്നു.

അതേസമയം ഈ മീനുകളെ പരിശോധിക്കേണ്ടതുണ്ടെന്നും, ഗോള്‍ഡ്ഫിഷുകള്‍ ഇത്രയും കാലം ജീവിക്കുന്നത് അപൂര്‍വ്വമാണെന്നും പ്രദേശത്തെ മൃഗഡോക്ടറായ Sinead Kelly പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments