അയർലണ്ടിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സഹായം തേടുന്ന കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയാകുന്നു; ഇതിനായി അവരെ പ്രേരിപ്പിക്കുന്നത് എന്ത്?

By Rose Malayalam Desk

അയർലണ്ടിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് സ്വമേധയാ മടങ്ങാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഏകദേശം ഇരട്ടിയോളം വർദ്ധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്‌. ഇത്തരത്തിൽ മടങ്ങാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനായി ഐറിഷ് സർക്കാർ 2025-ൽ 1.6 മില്യൺ യൂറോ ചിലവഴിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ €695,000 ഇവർക്ക് സ്വരാജ്യത്ത് എത്തിയ ശേഷം ജീവിതം കെട്ടിപ്പടുക്കാനുള്ള ഗ്രാന്റുകൾ നൽകാനും, €916,000 താമസം, യാത്ര ചെലവ് എന്നിവയ്ക്കും ആയാണ് നൽകിയത്. 2024-ൽ ഇത്തരത്തിൽ ആകെ ചെലവഴിച്ചത് 1.06 മില്യൺ യൂറോ ആയിരുന്നു.

അഭയം തേടിയെത്തിയവരോ അല്ലെങ്കിൽ അയർലണ്ടിൽ താമസിക്കാൻ നിയമപരമായ അനുമതിയില്ലാത്തവരോ ആയ വ്യക്തികൾക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാൻ സാമ്പത്തികവും അല്ലാത്തതുമായ സഹായം നൽകുന്ന അസിസ്റ്റഡ് വോളന്ററി റിട്ടേൺ (Assisted Voluntary Return) പദ്ധതി വഴിയാണ് ഈ സേവനം നൽകുന്നത്. 2024-ൽ 1,239 പേരാണ് ഇത്തരത്തിൽ സഹായത്തിന് അപേക്ഷിച്ചിരുന്നതെങ്കിൽ കഴിഞ്ഞ വർഷം ഇത് 2,315 ആയി കുത്തനെ ഉയർന്നു. ആകെ അപേക്ഷയിൽ ബഹുഭൂരിപക്ഷവും അംഗീകരിക്കപ്പെട്ടപ്പോൾ 70 പേരുടെ അപേക്ഷ മാത്രമാണ് തള്ളിയത്.

2025-ൽ ഈ സ്കീം വഴി സഹായം ലഭിച്ചതിൽ 20 ശതമാനത്തിൽ അധികം പേരും ജോർജിയയിൽ നിന്നാണ്. ആകെ ഉള്ള 2,315 അപേക്ഷകരിൽ പേർ 526 പേരാണ് ജോർജ്ജിയക്കാർ. ബ്രസീൽ (420), ജോർദാൻ (342), നൈജീരിയ (107) എന്നീ രാജ്യക്കാരാണ് പിന്നാലെ.

അയർലണ്ടിലെ ജീവിതച്ചെലവ് വർദ്ധിച്ചതും, അഭയത്തിനായുള്ള അപേക്ഷകൾ നിരസിക്കപ്പെട്ടതിനെത്തുടർന്ന് രാജ്യം വിടാൻ ഉത്തരവ് ലഭിച്ചതുമാണ് പലരെയും ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നത്. നിർബന്ധിതമായി നാടുകടത്തുന്നതിനേക്കാൾ അന്തസ്സോടെയും നിയമപരമായ ആനുകൂല്യങ്ങളോടെയും മടങ്ങാൻ കഴിയുന്നതിനാലാണ് പലരും ഈ പദ്ധതി തിരഞ്ഞെടുക്കുന്നത്. നിർബന്ധിത നാടുകടത്തലിനെക്കാൾ ചെലവ് കുറവായതിനാൽ സർക്കാരും ഈ മാർഗ്ഗത്തെ ആണ് പ്രോത്സാഹിപ്പിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments