അയർലണ്ടിൽ നടത്തിയ പുതിയൊരു സർവേ പ്രകാരം വെറും നാലിലൊന്ന് ആളുകൾ (26.5%) മാത്രമാണ് തങ്ങളുടെ ജീവിതത്തിൽ സംതൃപ്തർ എന്ന് കണ്ടെത്തൽ. മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ വർദ്ധന ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും നാലിലൊന്നു പേരും ജീവിതസംതൃപ്തി ഇല്ലാത്തവരാണ് എന്ന കണ്ടെത്തൽ ജീവിതനിലവാരത്തെപ്പറ്റി ചോദ്യങ്ങളുയർത്തുന്നതാണ്.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തുവിട്ട വരുമാനത്തെയും ജീവിത സാഹചര്യങ്ങളെയും കുറിച്ചുള്ള സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരിൽ പകുതിയോളം പേർ വിഷാദം അനുഭവിക്കുന്നതായും സർവേയിൽ വ്യക്തമായി. 16 വയസ്സിന് മുകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് 2025-ലാണ് സർവേ നടത്തിയത്.
സർവേയിൽ പങ്കെടുത്ത ദാരിദ്ര്യമനുഭവിക്കുന്നവരിൽ 41 ശതമാനത്തിലധികം ആളുകൾ തങ്ങൾ നിരാശരോ വിഷാദമനുഭവിക്കുന്നവരോ ആണെന്ന് വെളിപ്പെടുത്തി. ദാരിദ്ര്യമില്ലാത്തവരിൽ ഇങ്ങനെ പ്രതികരിച്ചവർ വെറും 14 ശതമാനം മാത്രമാണ്.
മുൻവർഷത്തെ അപേക്ഷിച്ച് ജീവിത സംതൃപ്തിയിൽ നേരിയ വർദ്ധന ഉണ്ടായിട്ടുണ്ടെങ്കിലും കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയിലുള്ള സംതൃപ്തി 18.2 ശതമാനത്തിൽ നിന്നും 17.7 ശതമാനമായി കുറഞ്ഞു.
ജീവിത സംതൃപ്തി കൂടുതൽ പ്രായമായവരിൽ
അതേസമയം പ്രായമായവരിലാണ് ജീവിത സംതൃപ്തി കൂടുതൽ കണ്ടുവരുന്നത് എന്ന കൗതുകകരമായ കണ്ടെത്തലും സർവേയിൽ ഉണ്ട്. 65 വയസ്സിന് മുകളിലുള്ളവരിൽ 36.5 ശതമാനം പേരും ജീവിതത്തിൽ സംതൃപ്തരാണെന്ന് പറഞ്ഞപ്പോൾ, 25-നും 49-നും ഇടയിൽ പ്രായമുള്ളവരിൽ ഇത് വെറും 22 ശതമാനം മാത്രമാണ്.
പുരുഷന്മാരെ അപേക്ഷിച്ച് നെഗറ്റീവ് ചിന്തകളും വിഷാദവും കൂടുതൽ സ്ത്രീകളിൽ
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് നെഗറ്റീവ് ചിന്തകളും വിഷാദവും കൂടുതൽ എന്നും സർവേ കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് 20 ശതമാനം സ്ത്രീകളും ഇത്തരം മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്ന് സർവേ പറയുന്നു. പുരുഷന്മാരിൽ 11 ശതമാനം പേരാണ് ഈ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നത്.
കൂടുതലായി ഒറ്റപ്പെടൽ അനുഭവിക്കുന്നതും സ്ത്രീകളാണ്. സർവേയിൽ പങ്കെടുത്തവരിൽ 18 ശതമാനം സ്ത്രീകൾ തങ്ങൾ ഒറ്റപ്പെടൽ അനുഭവിക്കുന്നു എന്ന് പ്രതികരിച്ചപ്പോൾ ഇങ്ങനെ പറഞ്ഞ പുരുഷന്മാർ 11.8 ശതമാനം ആണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments