അയർലണ്ടിലെ ആശുപത്രികളിൽ മാർച്ചിൽ മാത്രം 11,130 രോഗികൾ കിടക്ക ലഭ്യമാകാത്ത അവസ്ഥ നേരിട്ടതായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (INMO). റെക്കോർഡുകൾ പ്രകാരം ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന തിരക്കാണ് ഈ മാർച്ചിൽ അനുഭവപ്പെട്ടത്.
ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് (UHL) ഏറ്റവും മോശം അവസ്ഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 1,701 രോഗികളാണ് ഇവിടെ ട്രോളികളിൽ ചികിത്സ തേടിയത്. കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 939 പേർക്കും, സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 924 പേർക്കും കിടക്ക ലഭ്യമായില്ല.
തുടർച്ചയായ മൂന്നാം മാസമാണ് 10,000-ത്തിലധികം രോഗികൾ ട്രോളികളിൽ കഴിയുന്ന സാഹചര്യം അയർലണ്ടിൽ ഉണ്ടാകുന്നതെന്ന് ഐ.എൻ.എം.ഒ ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്‌ദ പറഞ്ഞു. ഇതൊരു സാധാരണ അവസ്ഥയായി മാറുന്നതിൽ നഴ്‌സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വലിയ ആശങ്കയുണ്ട്. ആശുപത്രികളിലെ സുരക്ഷാ നിലവാരം ഓരോ വർഷവും കുറഞ്ഞുവരികയാണെന്നും, രോഗികളുടെ ആവശ്യങ്ങളും വിഭവങ്ങളുടെ കുറവും തമ്മിലുള്ള വിടവ് നികത്താൻ നഴ്‌സുമാർ പാടുപെടുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇന്ന് രാവിലെയുള്ള (ഏപ്രിൽ 1) കണക്കനുസരിച്ച് രാജ്യത്തുടനീളം 573 പേർ കിടക്ക ലഭിക്കാതെ ആശുപത്രികളിൽ കഴിയുന്നുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments