ടെസ്റ്റ് എടുക്കുന്ന വാഹനത്തിന്റെ ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ല; അയർലണ്ടിൽ രണ്ടാഴ്ചയ്ക്കിടെ ടെസ്റ്റ് മുടങ്ങിയത് 1200 പേർക്ക്

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഡ്രൈവിങ് ടെസ്റ്റ് എടുക്കുന്ന വാഹനത്തിന്റെ ഇന്‍ഷ്വര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തത് കാരണം ടെസ്റ്റ് മുടങ്ങിയത് 1,200-ലധികം പേര്‍ക്ക്. മാര്‍ച്ച് 9 മുതലാണ് ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവര്‍ ടെസ്റ്റിന് ഇരിക്കുന്ന വാഹനം ഇന്‍ഷ്വര്‍ ചെയ്തതാണ് എന്ന് വ്യക്തമാക്കുന്ന രേഖ ഹാജരാക്കണമെന്ന മാനദണ്ഡം റോഡ് സേഫ്റ്റി അതോറിറ്റി (RSA) നടപ്പിലാക്കിയത്. ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരുടെ ട്രേഡ് യൂണിയനായ ഫോര്‍സയുമായുള്ള (Fórsa) ധാരണ പ്രകാരമായിരുന്നു ഇത്. എന്നാല്‍ ഇതിന് പിന്നാലെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്‍ഷ്വര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതെ വന്നത് നിരവധി പേര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ആയിരത്തിലധികം പേര്‍ ഇത്തരത്തില്‍ ബാധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഠിനമായ ശ്രമം നടത്തിവരികയാണെന്ന് RSA ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ബ്രെന്‍ഡന്‍ വാല്‍ഷ് RTE Radio-യുടെ പരിപാടിയില്‍ പ്രതികരിച്ചു. ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് കഴിവതും വേഗത്തില്‍ അതിനുള്ള സൗകര്യമൊരുക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ഷ്വേര്‍ഡ് അല്ലാത്ത വാഹനത്തില്‍ ടെസ്റ്റ് നടത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളില്‍ State Claims Agency-യില്‍ നിന്നും മുഴുവനായ ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കുന്നില്ല എന്ന കാര്യം ഫോര്‍സ (Fórsa) ചൂണ്ടിക്കാട്ടിയതോടെയാണ് ഈ പ്രശ്‌നമുണ്ടായതെന്ന് വാല്‍ഷ് പറഞ്ഞു. കാര്‍ ഇന്‍ഷ്വേര്‍ഡ് ആണെങ്കിലും ടെസ്റ്റില്‍ പങ്കെടുക്കാനെത്തുന്ന ലേണര്‍മാര്‍ ഇന്‍ഷേര്‍ഡ് അല്ലാത്തത് പ്രശ്‌നം സൃഷ്ടിക്കും എന്നും വാദമുണ്ടായി.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ടെസ്റ്റിനിടെ അപകടമുണ്ടായാല്‍ ഇന്‍ഷ്വര്‍ ചെയ്യാത്ത വാഹനമാണെങ്കില്‍ പോലും ടെസ്റ്റ് നടത്തുന്നവര്‍ മുഴുനായും ഇന്‍ഷ്വറന്‍സ് കവറേജില്‍ ഉള്‍പ്പെടുന്ന തരത്തില്‍ Motor Insurers’ Bureau of Ireland (MIBI)-മായി ചേര്‍ന്ന് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വാല്‍ഷ് പറഞ്ഞു.

അതേസമയം ടെസ്റ്റിന് എത്തുന്ന ലേണര്‍ ഡ്രൈവര്‍മാര്‍ അവര്‍ക്ക് ലഭിക്കുന്ന ഫോമില്‍ തങ്ങള്‍ ഇന്‍ഷ്വേര്‍ഡ് ആണ് എന്ന ബോക്‌സ് ടിക്ക് ചെയ്യേണ്ടതുണ്ടെന്നും, ടെസ്റ്റിന് ഇരിക്കുന്ന വാഹനത്തിന്റെ ഗ്ലാസില്‍ വാലിഡ് ആയ ഇന്‍ഷ്വറന്‍സ് ഡിസ്‌ക് പ്രദര്‍ശിപ്പിക്കണമെന്നും വാല്‍ഷ് വ്യക്തമാക്കുന്നുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments