അയർലണ്ടിൽ ഈസ്റ്റർ ഹോളിഡേ റോഡ് പരിശോധന തുടരുന്നു; അമിതവേഗതയ്ക്ക് 2,100 പേരും, ലഹരി ഉപയോഗിച്ചതിന് 98 പേരും പിടിയിലായതായി ഗാർഡ

By Rose Malayalam Desk

രാജ്യത്ത് ഗാര്‍ഡയുടെ ഈസ്റ്റര്‍ ഹോളിഡേ റോഡ് സുരക്ഷാ പരിശോധന ആരംഭിച്ച് 72 മണിക്കൂർ പിന്നിട്ടപ്പോൾ അമിതവേഗതയില്‍ വാഹനമോടിച്ചതായി കണ്ടെത്തിയത് 2,100-ലധികം ഡ്രൈവര്‍മാരെ. ഒപ്പം 250-ലധികം പേർ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുകയോ ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.

റോഡിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച ഗാര്‍ഡയുടെ പ്രത്യേക പരിശോധന ചൊവ്വാഴ്ച രാവിലെ 7 മണിക്കാണ് അവസാനിക്കുക.

ഇതിന് പുറമെ ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പതിവ് പരിശോധനകള്‍ക്ക് പുറമെ പലയിടത്തും പ്രത്യേക പരിശോധകളും നടത്തിവരുന്നുണ്ട്. ഇത്തരത്തില്‍ മദ്യമോ, മറ്റ് ലഹരികളോ ഉപയോഗിച്ച് വാഹനമോടിച്ചതിന് 98 പേരെ കൂടിയതായും ഗാര്‍ഡ അറിയിച്ചു.

ഏത് തരത്തിലുള്ള ലഹരിയായാലും അതുപയോഗിച്ച് വാഹനമോടിക്കുന്നത് ഒട്ടും സ്വീകാര്യമായ കാര്യമല്ലെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു. കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ മുതലായവര്‍ക്ക് പ്രത്യേക പരിഗണന കൊടുത്തുവേണം വാഹനമോടിക്കാന്‍ എന്നും, ഏത് റോഡിലായാലും, ഏത് സമയത്തായാലും അനുവദനീയമായ വേഗതയില്‍ മാത്രമേ വാഹനമോടിക്കാവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments