അർഹതയുണ്ട്, എന്നാൽ ഇപ്പോൾ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ല: മുസ്ലിം ലീഗ്

By Rose Malayalam Desk

മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി പദത്തിന് അർഹതയുണ്ടെങ്കിലും നിലവിൽ ആ പദവിക്കായി അവകാശവാദം ഉന്നയിക്കില്ലെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. സി എച്ച് മുഹമ്മദ് കോയയും അവുക്കാദര്‍ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിട്ടുണ്ടെന്നും മുനവ്വറലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. ചർച്ചകൾ പുരോഗമിക്കുമ്പോൾ സ്ഥാനം ആവശ്യപ്പെടുമോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതേ വിഷയത്തിൽ പ്രതികരിച്ച പാർട്ടി ദേശീയ പ്രസിഡന്റ്‌ പി.കെ. കുഞ്ഞാലിക്കുട്ടിയും ലീഗ് അങ്ങോട്ട് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന ഒരു നിലപാടും പാർട്ടി സ്വീകരിക്കില്ലെന്നും, കോൺഗ്രസ് പ്രശ്നങ്ങൾ ഇല്ലാതെ മുഖ്യമന്ത്രി യെ തെരഞ്ഞെടുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ മതം പറഞ്ഞ് വോട്ട് തേടിയെന്ന ആരോപണം പരിശോധിക്കുമെന്ന് പാണക്കാട് മുനവ്വറലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥികൾ അത്തരത്തിൽ വോട്ട് പിടിച്ചിട്ടില്ലെന്നാണ് താൻ കരുതുന്നതെന്ന് പറഞ്ഞ അദ്ദേഹം, തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ മാത്രമായി ഏകീകരിക്കപ്പെട്ടു എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും, എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടുകൾ യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ എന്നും കൂട്ടിച്ചേർത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments