നാട്ടിലു വേനലിൻ ചൂടതി രൂക്ഷമായ് കൂടെ ഇലക്ഷന്റെ ചൂടും കനക്കുന്നു
രാഷ്‌ട്രീയ പാർട്ടിക്കാർ ചേരിതിരിഞ്ഞിട്ട് വീറോടെയുള്ള പോരാട്ടം കൊഴുക്കുന്നു
വോട്ടെടുപ്പിൻ ദിനം ഓടി അടുത്തിങ്ങ് നാളേറെ ഇല്ലിനി ബൂത്തിലേക്കെത്തുവാൻ
അഞ്ചുവർഷം ഇനി നാടു ഭരിക്കുന്നതാരെന്നു നിർണ്ണയിക്കുന്ന ദിനമത്
സീറ്റുകിട്ടാത്തവർ കൂറൊന്നു മാറീട്ടു പെട്ടെന്ന് ചേരുന്നു മറ്റൊരു പാർട്ടിയിൽ
കൂറുമാറുന്നോരെ കൂടെക്കൂട്ടീടുവാൻ തെല്ലും മടിയില്ല പാർട്ടികൾക്കൊന്നിനും
പ്രത്യയശാസ്ത്രങ്ങളൊന്നുമീക്കൂട്ടർക്കു ബാധകമല്ലപ്പോൾ കാലുമാറീടുവാൻ
കണ്ടാൽ കടിച്ചുകീറാനായി നിന്നവർ ആത്മമിത്രങ്ങളായ് മാറുന്നു പെട്ടെന്ന്
തോളിൽ കൈ ഇട്ടുനടന്ന ചിലർ പിന്നെ ബദ്ധ ശത്രുക്കളായ് മാറുന്നതും കാണാം
അഴിമതി വീരരെന്നാക്ഷേപിച്ചോരോക്കെ കൂടെ വരുംനേരം പുണ്യവാന്മാരാകും
ആയുസ്സിൻ പാതിയും പാർട്ടിക്കായ് പണിചെയ്തി-
ട്ടെങ്ങുമെത്താത്തോരുമുണ്ടെന്നതോർക്കണം
ആളുകളെ കണ്ടിട്ടോട്ടുതേടീടുവാൻ സ്ഥാനാർത്ഥികൾ ഒക്കെ നെട്ടോട്ടമാണിപ്പോൾ
കൂടെയവർക്കൊപ്പം വലിയൊരു സംഘമായ് അണികളും ഉണ്ടിപ്പോൾ ഓടിനടക്കുവാൻ
സ്ഥാനാർത്ഥികൾക്കുള്ള ഫ്ളക്സുകൾ കൊണ്ട് നിറഞ്ഞു കവിഞ്ഞിപ്പോൾ നാടും നഗരവും
പലപല വേഷങ്ങൾ കെട്ടിയാടും ഇനി വോട്ടുകൾ നേടി ജയിക്കുവാനായിട്ട്
ആരെക്കണ്ടാലും വെളുക്കെ ചിരിച്ചിടും പൊള്ളയാം വാഗ്ദാനമൊട്ടേറെ നൽകീടും
കുഞ്ഞുങ്ങളെക്കണ്ടാൽ വാരിയെടുത്തിട്ടു വാത്സല്യത്താലേറെ ഉമ്മകൾ ഏകിടും
വൃദ്ധജനങ്ങളെ കാണുന്ന മാത്രയിൽ കെട്ടിപ്പിടിച്ചിട്ടു ചേർത്തങ്ങു നിർത്തിടും
ന്യൂജനാം പുള്ളേരെ കൈയ്യിലെടുക്കുവാൻ കൈയ്യിൽപിടിച്ചു കുലുക്കും ചിരിയുമായ്
എതിരായി നിൽക്കുന്ന സ്ഥാനാർത്ഥിയെ പറ്റി എന്തും പറഞ്ഞങ്ങു തേജോവധം ചെയ്യും
ജാതി, മതം ഇവ വോട്ടാക്കി മാറ്റുവാൻ ജാള്യത ഇല്ലൊരു രാഷ്ട്രീയ പാർട്ടിക്കും
മാറിമറിഞ്ഞു ഭരിച്ചവരേറെയും സ്വന്തമായ് നേട്ടമുണ്ടാക്കാൻ ശ്രമിച്ചവർ
സന്നിധാനത്തിലെ സ്വർണ്ണം പോലും ഇവർ കട്ടെടുത്തൊട്ടുമേ സങ്കോചമില്ലാതെ
കട്ടതാരെന്നുള്ള തർക്കം കൊഴുപ്പിച്ചു കൺഫ്യൂഷനാക്കി ജനങ്ങളെ മൊത്തത്തിൽ
വയനാട് ഫണ്ടിനെപ്പറ്റിയും ഉണ്ടേറെ ആശങ്ക ഇന്നാട്ടിൽ ആളുകൾക്കുള്ളിലായ്
കട്ടകാര്യങ്ങളെ പറ്റി ചോദിച്ചെന്നാൽ അപ്പോൾ ചോദിച്ചിടും മറ്റോരും കട്ടില്ലേ
ഭരണ നേട്ടങ്ങൾ പെരുപ്പിച്ചുകാട്ടും പരസ്യങ്ങൾക്കായിട്ടൊഴുക്കുന്നു കോടികൾ
കേറി കിടക്കുവാൻ കൂരയില്ലാത്തവർ ഉള്ളൊരു നാട്ടിലാണിത്തരം ധൂർത്തുകൾ
രക്ത സാക്ഷിക്കായ് പിരിച്ച പണം പോലും പോക്കറ്റിലാക്കി വിരുതോടെ ഇക്കൂട്ടർ
ദൈവത്തിൻ സ്വന്തമാം നാടിനെ ഇക്കൂട്ടർ സാത്താന്റെ നാടാക്കി മാറ്റി അതിവേഗം
നേതാക്കൾ ചെയ്യും നെറികേടുകൾക്കു കുടപിടിക്കുന്നോർ അണികളിന്നേറെയും
നാട്ടാരടയ്ക്കും നികുതിപ്പണം കൊണ്ടു നാട്ടിൽ ചെറിയ വികസനം വന്നെന്നാൽ
നേതാവ് ചെയ്തതാണെന്നു പറഞ്ഞുള്ള ഫ്ലക്സുകൾ നാട്ടിൽ നിറഞ്ഞു കവിഞ്ഞിടും
മന്ത്രിമാർക്കല്ലാതെ മറ്റാർക്കും ഒട്ടും സുരക്ഷ ഇല്ലാത്തൊരു ദേശമായ് നാടിന്ന്
സ്ത്രീജനങ്ങൾക്കുമില്ലൊട്ടും സുരക്ഷയീ നാട്ടിൽ പട്ടാപ്പകൽ പോലുമെന്നോർക്കുക
മുഖ്യനു രക്ഷയൊരുക്കുവാനായിട്ടു ലക്ഷങ്ങൾ വേണമിന്നോരോ ദിവസവും
കൊല്ലും കൊലയും പിന്നക്രമമൊക്കെയും വാർത്തയല്ലാതായി മാറിയിക്കാലത്ത്
വോട്ടെടുപ്പൊന്നുകഴിയും വരെയിനി ജനമാണ് നമ്മുടെ നാട്ടിലെ രാജാക്കൾ
ദാസരായ് നിന്നു ജയിച്ചു കയറുന്നോർ രാജാവായ് മാറുന്ന കാഴ്ച് കാണാം വീണ്ടും
ചാനലുകാർക്കെല്ലാം ഇന്നിപ്പോൾ നല്ലൊരു ചാകര വന്നതുപോലായി കാര്യങ്ങൾ
അന്തിക്കു ചർച്ച നടത്തുവാനായിട്ട് ദാരിദ്ര്യമില്ല വിഷയങ്ങൾക്കൊന്നിനും
പുത്തൻ തലമുറക്കൊന്നുമീനാട്ടിൽ തുടരുവാൻ താൽപര്യം ലേശവുമില്ലിപ്പോൾ
പഠനം നടത്തുവാൻ പോലുമിപ്പോളവർ നാടുവിട്ടന്യദേശത്തു ചേക്കേറുന്നു
അന്യനാട്ടിൽ ജോലി കിട്ടുന്നോരിൽ ചിലർ ജന്മനാട്ടിൽ ഒന്നു വന്നെങ്കിലായ് പിന്നെ
ആളൊഴിഞ്ഞൊട്ടേറെ വീടുകൾ കൊണ്ടിനി നമ്മുടെ നാട് നിറഞ്ഞിടും നിർണ്ണയം
ഏറെ വൈകീടാതെ നമ്മുടെ നാടൊരു വൃദ്ധസദനമായ് മാറുമെന്നോർക്കണം
ആദർശം മാത്രം തൻ കൈമുതലായുള്ള രാഷ്ട്രീയക്കാരുമുണ്ടേറെ നമുക്കിന്ന്
നാട് ഭരിക്കുന്നതിത്തരം ആളുകൾ അല്ലെന്നതാണിന്നു നാടിൻറ്റെ ദുർഗ്ഗതി
സ്വാർത്ഥതയില്ലാതെ നാടുഭരിക്കുന്നോർ എന്നെങ്കിലും വരും എന്നു പ്രത്യാശിക്കാം
അങ്ങിനെ നമ്മുടെ നാടൊരു സ്വർഗ്ഗമായ് മാറുന്ന നാളിനായ് കാത്തിടാമേവർക്കും
– പ്രസാദ് കെ. ഐസക്
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments