ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഗതാഗത തടസം. ഇന്ന് രാവിലെ 6 മണി മുതൽ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ നിര നിരയായി അണിനിരത്തി, മെല്ലെ നീങ്ങുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ പുരോഗമിക്കുകയാണ്. കോർക്ക്, ലിമെറിക്, ഗാൽവേ, കിൽഡെയർ, മീത്ത് എന്നിവിടങ്ങളിലെ പ്രധാന മോട്ടോർവേകളിലെല്ലാം (M7, M4, M8, M3, M6) ഇത്തരത്തിൽ പ്രതിഷേധം നടന്നുവരികയാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുമെന്ന് ഗാർഡ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
‘ദി പീപ്പിൾ ഓഫ് അയർലണ്ട് എഗൻസ്റ്റ് ഫ്യുവൽ പ്രൈസസ്’ (The People of Ireland Against Fuel Prices) എന്ന ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് സൂചന.
അതേസമയം പ്രതിഷേധത്തെ തുടർന്ന് വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടത് കാരണം Co Tipperary – യിലെ Cashel – ലുള്ള M8 അടച്ചു. Co Offaly – യിലെ Tullamore ബൈപാസിൽ ഒരു കിലോമീറ്റർ നീളുന്ന വാഹന നിരയാണ് നിലവിൽ ഉള്ളത്.
11 മണിയോടെ നഗര കേന്ദ്രങ്ങളിൽ എത്തിയ ശേഷം 11.30-ഓടെ മാധ്യമങ്ങളെ കാണുന്ന രീതിയിലാണ് പ്രതിഷേധം പ്ലാൻ ചെയ്തിരിക്കുന്നത്.
ഹെവി ഗുഡ്‌സ് വാഹനങ്ങൾ, കാർഷിക വാഹനങ്ങൾ, മറ്റ് വലിയ യന്ത്രസാമഗ്രികൾ എന്നിവ പ്രതിഷേധത്തിന്റെ ഭാഗമായി നിരത്തിലിറങ്ങിയിട്ടുണ്ട്.
രാവിലെ 11 മണിയോടെ ഡബ്ലിനിലെ O’Connell Street- ലേയ്ക്ക് ഈ വാഹനങ്ങൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഐറിഷ് റോഡ് ഹോളേജ് അസോസിയേഷൻ (IRHA) ഈ പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും, ഇന്ധനവില താങ്ങാനാവാത്തതിനാൽ പല ട്രക്ക് ഉടമകളും ഇതിൽ പങ്കുചേരാൻ സാധ്യതയുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് ജെർ ഹൈലാൻഡ് പറഞ്ഞു. ഇന്ധനത്തിന്മേലുള്ള എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അധിക സമയം കണക്കാക്കി യാത്ര തിരിക്കണമെന്നും ഗാർഡ നിർദ്ദേശിച്ചു. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന് പ്രത്യേക അനുമതി പത്രം ആവശ്യമില്ലെങ്കിലും, ക്രമസമാധാനം നിലനിർത്താൻ ഗാർഡ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments