അയർലണ്ടിലെ ഇന്ധനവില പ്രതിഷേധം ഇന്നും തുടരും; ഡബ്ലിനിലെ റൂട്ടുകൾ ഇപ്രകാരം

By Rose Malayalam Desk

മിഡില്‍ ഈസ്റ്റ് യുദ്ധത്തിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ ഇന്ധനവില കുത്തനെ ഉയര്‍ന്നതിനെതിരെ ചൊവ്വാഴ്ച ആരംഭിച്ച പ്രതിഷേധപരിപാടി ഇന്നും തുടരും. പ്രധാന റോഡുകളില്‍ വാഹനങ്ങള്‍ അണിനിരത്തിക്കൊണ്ടുള്ള പ്രതിഷേധം കാരണം ഡബ്ലിന്‍ അടക്കമുള്ള നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും, പല റോഡുകളും അടച്ചിടേണ്ടിവരികയും ചെയ്തിരുന്നു.

ഇന്ന് Dublin, Waterford, Wexford, Sligo, Donegal, Clare, Limerick, Cork, Portlaoise, Tullamore, Portumna, Banagher Bridge, Athlone എന്നിവിടങ്ങളിലും സമീപ കൗണ്ടികളിലുമാണ് പ്രധാനമായും പ്രതിഷേധം നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തില്‍ സമാധാനപരമായും, പരസ്പര ബഹുമാനത്തോടെയും പങ്കെടുക്കുണമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. The People of Ireland Against Fuel Prices Protest എന്ന സംഘമാണ് പ്രതിഷേധം ആഹ്വാനം ചെയ്തതെങ്കിലും വിവിധ സംഘടനകളും കൂടിയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

ഡബ്ലിന്‍ നഗരത്തില്‍ ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ O’Connell Street-ല്‍ ട്രാക്ടറുകള്‍ പാര്‍ക്ക് ചെയ്തിടുകയും, O’Connell Bridge-ല്‍ ബസുകള്‍ പാര്‍ക്ക് ചെയ്ത് പോകുകയും ചെയ്തിരുന്നു. പല തിരക്കേറിയ റൂട്ടുകളിലും കര്‍ഷകരും, മറ്റ് പ്രതിഷേധക്കാരും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു.

കെറോസിന്‍, ഡീസല്‍ എന്നിവയ്ക്ക് ഉയര്‍ന്ന പരിധി നിശ്ചയിക്കുക, ഇന്ധനങ്ങള്‍ക്ക് മേലുള്ള കാര്‍ബണ്‍ ടാക്‌സ്, എക്‌സൈസ് ഡ്യൂട്ടി എന്നിവ താല്‍ക്കാലികമായി ഒഴിവാക്കുക എന്നിവയാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍.

ഡബ്ലിനിലെ ഇന്നത്തെ പ്രതിഷേധ റൂട്ടുകള്‍

Dublin, Leinster എന്നിവിടങ്ങളിലെ പ്രതിഷേധത്തിന്റെ ഭാഗമായി Kinnegad Plaza-യില്‍ രാവിലെ 7-ന് വാഹനങ്ങള്‍ ഒത്തുചേരും. ഒപ്പം M7 Junction 14 Monasterevin (7am), Navan Retail Park (7.30 am), M1 Castle Bellingham (7am), N11 Southside/Wicklow feeder (7am) എന്നിവിടങ്ങളില്‍ ഒത്തുകൂടിയ ശേഷം ഡബ്ലിനിലേയ്ക്ക് നീങ്ങും.

സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്നത് തെറ്റ്: പ്രധാനമന്ത്രി

അതേസമയം ഇന്ധനപ്രതിഷേധങ്ങള്‍ നഗരത്തില്‍ ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിക്കുന്നതിനെതിരെ സര്‍ക്കാര്‍ നേതാക്കള്‍ രംഗത്തെത്തി. സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തല്‍, ആളുകളുടെ പതിവ് ജീവിതത്തിന് വിഘാതം സൃഷ്ടിക്കുക, ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റുകള്‍, മറ്റ് ദൈനംദിന കാര്യങ്ങള്‍ എന്നിവയ്ക്കായി പോകുന്നവരുടെ യാത്ര തടസ്സപ്പെടുത്തുക എന്നിങ്ങനെയുള്ളത് തെറ്റായ പ്രതിഷേധരീതിയാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ വിമര്‍ശിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് മേല്‍ പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ദേശീയതാല്‍പര്യത്തിനും, സാമ്പത്തിക താല്‍പര്യത്തിനും, സാമൂഹിക താല്‍പര്യത്തിനും എതിരാണെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് നിരവധി സംഘടനകള്‍ ഉള്‍പ്പെട്ട പ്രതിഷേധമാണിതെന്നും, അക്കാരണത്താല്‍ വിവിധ മേഖലകളില്‍ നിന്നുള്ള ദേശീയതല പ്രതിനിധികളുമായി ചര്‍ച്ച നടത്തുക മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments