അയർലണ്ടിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

By Rose Malayalam Desk

പോർട്ട്ലീഷ്: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിന് കീഴിലുള്ള അയർലണ്ടിലെ പോർട്ട്ലീഷ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ഉയിർപ്പ് പെരുന്നാൾ (ഈസ്റ്റർ) ശുശ്രൂഷകൾ ഭക്തിനിർഭരമായി ആഘോഷിച്ചു.

ഏപ്രിൽ 4 ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി റവ. ഫാ. ജിത്തു വർഗ്ഗീസ് മുഖ്യകാർമികത്വം വഹിച്ചു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിച്ചുകൊണ്ട് നടന്ന ഉയിർപ്പ് ശുശ്രൂഷകളിലും, തുടർന്ന് നടന്ന വർണ്ണാഭമായ ഭക്തിനിർഭരമായ പ്രദക്ഷിണത്തിലും വിശ്വാസികൾ പങ്കുചേർന്നു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയിൽ ഇടവകയിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.

“മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തു ലോകത്തിന് പ്രത്യാശയുടെയും സമാധാനത്തിന്റെയും പുതുജീവന്റെയും സന്ദേശമാണ് പകരുന്നത്. ഏതൊരു ഇരുട്ടിന് പിന്നിലും പ്രകാശമുണ്ടെന്നും മരണത്തിന് മേൽ ജീവൻ വിജയം നേടുമെന്നും ഈ ഉയിർപ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു,” എന്ന് റവ. ഫാ. ജിത്തു വർഗ്ഗീസ് തന്റെ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിലെ ആദ്യത്തെ ഹാശാ ആഴ്ച ശുശ്രൂഷകളും ഉയിർപ്പ് പെരുന്നാളും വൻ വിജയമാക്കാൻ ഇടവക ട്രസ്റ്റി സാം പാപ്പച്ചൻ വർഗീസ്, സെക്രട്ടറി ജസ്റ്റിൻ ലെജി ജോസഫ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ ആത്മീയ സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ശുശ്രൂഷകൾക്ക് ശേഷം നടന്ന സ്നേഹവിരുന്നോടെ പെരുന്നാൾ ചടങ്ങുകൾക്ക് പരിസമാപ്തിയായി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments