ബെൽഫാസ്റ്റിലെ അൾസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങി ഹോളിവുഡ് താരം അർനോൾഡ് ഷ്വാർസെനെഗർ. കലയ്ക്കും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും മാനുഷികമായ സംഭാവനകൾക്കുമുള്ള ആദരമായാണ് മുൻ കാലിഫോർണിയ ഗവർണർ കൂടിയായ അദ്ദേഹത്തിന് യൂണിവേഴ്സിറ്റി ബിരുദം നൽകിയത്.
“അൾസ്റ്റർ യൂണിവേഴ്സിറ്റി വളരെ പ്രധാനപ്പെട്ട ഒരു സർവ്വകലാശാലയാണ്, ഇതുപോലൊരു ബഹുമതി ലഭിക്കുന്നത് എല്ലായ്പ്പോഴും വലിയൊരു അംഗീകാരമാണ്.” ബിരുദം സ്വീകരിച്ചു കൊണ്ട് ഷ്വാർസെനെഗർ പറഞ്ഞു.
ഇതൊരു 60-ാം വാർഷികം പോലെയാണ് എന്ന് പറഞ്ഞ അദ്ദേഹം ആദ്യമായി 1966-ൽ ബെൽഫാസ്റ്റ് സന്ദർശിച്ച ഓർമകളും അയവിറക്കി. അന്ന് ഒരു ബോഡിബിൽഡിങ് പ്രദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു 19-ആം വയസ്സിലെ സന്ദർശനം.
“ഐവൻ ഡൺബാർ എന്ന ഐറിഷുകാരനാണ് എന്നെ ഇവിടേക്ക് ക്ഷണിച്ചത്. അദ്ദേഹത്തിന്റെ കുടുംബം ഇവിടെയുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹം അന്തരിച്ചു എന്ന വാർത്ത എന്നെ സങ്കടപ്പെടുത്തുന്നു, എങ്കിലും ബെൽഫാസ്റ്റിലും അയർലണ്ടിലുമാണ് എന്റെ തുടക്കം ഉണ്ടായത്.” അദ്ദേഹം പറഞ്ഞു.
”നോർത്തേൺ അയർലണ്ടിലേക്ക് വീണ്ടും വരാനായത് അതിശയകരമാണ്. 60 വർഷങ്ങൾക്ക് മുമ്പ്, 19 വയസ്സുള്ളപ്പോൾ ഞാൻ ഇവിടെ നിൽക്കുമ്പോൾ ഒരിക്കൽ പോലും സ്വപ്നത്തിൽ വിചാരിച്ചിരുന്നില്ല, എന്നെങ്കിലും ഒരു ഓണററി ഡോക്ടറേറ്റ് ബിരുദം സ്വീകരിക്കാനായി ഞാൻ ഇവിടേക്ക് തിരിച്ചുവരുമെന്ന്. ഇത് അവിശ്വസനീയമാണ്.” ഷ്വാർസെനെഗർ കൂട്ടിച്ചേർത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments